അപാര രുചിയില്‍ ചിക്കന്‍ ബോള്‍സ്
ആവശ്യമുള്ള ചേരുവകൾ
ഉരുളക്കിഴങ്ങ് പുഴുങ്ങിയത്- രണ്ടെണ്ണം
ചിക്കൻ വേവിച്ച് പൊടിച്ചത്- അരക്കപ്പ്
സവാള അരിഞ്ഞത്- രണ്ട് ടേബിൾ സ്‌പൂൺ
പച്ചമുളക്- രണ്ടെണ്ണം
ജീരകം പൊടിച്ചത്- ഒരു ടീസ്‌പൂൺ
ഗരം മസാല- അര ടീസ്‌പൂൺ
കുരുമുളക് പൊടി- കാൽ ടീസ്‌പൂൺ
വറ്റൽ മുളക് ചതച്ചത്- ഒരു ടീസ്‌പൂൺ
ഉപ്പ്- ആവശ്യത്തിന്
ടൊമാറ്റോ സോസ്- രണ്ട് ടേബിൾ സ്‌പൂൺ
വെളിച്ചെണ്ണ- ഒരു ടീസ്‌പൂൺ
ജീരകം- അര ടീസ്‌പൂൺ
റവ- അരക്കപ്പ്
വെള്ളം- ഒരുകപ്പ്
കോൺഫ്ലവർ- കാൽക്കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം രണ്ട് ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, അരക്കപ്പ് ചിക്കൻ വേവിച്ച് പൊടിച്ചത്, രണ്ട് ടേബിൾ സ്‌പൂൺ സവാള അരിഞ്ഞത്, രണ്ട് പച്ചമുളക്, ഒരു ടീസ്‌പൂൺ ജീരകം പൊടിച്ചത്, അര ടീസ്‌പൂൺ ഗരം മസാല, കാൽ ടീസ്‌പൂൺ കുരുമുളക് പൊടി, ഒരു ടീസ്‌പൂൺ വറ്റൽ മുളക് ചതച്ചത്, രണ്ട് ടേബിൾ സ്‌പൂൺ ടൊമാറ്റോ സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർന്ന് നന്നായി ഉരുട്ടിയെടുക്കാൻ പാകത്തിന് കുഴച്ചെടുക്കുക.
നന്നായി കുഴച്ചതിന് ശേഷം ഇത് ഓരോ ഉരുളകളാക്കി ഉരുട്ടി മാറ്റിവയ്‌ക്കുക. ഇതിന് ശേഷം ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോൾ ഇതിലേക്ക് അര ടീസ്‌പൂൺ ജീരകം ഇട്ട് മൂപ്പിച്ചതിന് ശേഷം അരക്കപ്പ് റവ ചേർത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇനി ഇതിലേക്ക് അൽപ്പം ഉപ്പും കൂടി ചേർത്ത് ഒരുകപ്പ് വെള്ളത്തിൽ വേവിച്ച് കുറുക്കി എടുക്കുക. (മൂന്ന് മുതൽ നാല് മിനിട്ട് വരെ വേവിച്ചാൽ മതിയാകും.)
ഈ മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം കാൽക്കപ്പ് കോൺഫ്ലോറും കൂടി ചേർത്ത് നന്നായി കുഴയ്‌ക്കുക. ഇനി ഒരു ചപ്പാത്തി പലകയിലേക്ക് ഈ മാവ് വച്ച് അൽപ്പം കട്ടിയോടുകൂടി നന്നായി പരത്തുക. ഇനി ഇത് വട്ടത്തിൽ ഒരു ഗ്ലാസോ മറ്റോ വച്ച് മുറിച്ചെടുക്കുക. എന്നിട്ട് ഇതിന് ഉള്ളിലേക്ക് നേരത്തെ ഉരുട്ടി മാറ്റി വച്ചിരിക്കുന്ന ചിക്കൻ, ഉരുളക്കിഴങ്ങ് ബോൾസ് വച്ച് പൊതിഞ്ഞെടുക്കുക. എല്ലാം ഇങ്ങനെ പാകത്തിന് ഉരുട്ടിയെടുത്തതിന് ശേഷം എണ്ണയിൽ വറുത്ത് കോരുക. വളരെ രുചികരമായ പലഹാരം തയ്യാർ.
.jpg)

