ഈന്തപ്പഴം ചേർത്ത ചെറുനാരങ്ങ അച്ചാർ
ആവശ്യമുള്ളവ
ചെറുനാരങ്ങ – 500 ഗ്രാം
ഈന്തപ്പഴം –300 ഗ്രാം
എള്ളെണ്ണ - ആവശ്യത്തിന്
കടുക് –ആവശ്യത്തിന്
ഉലുവ –ഒരു ടി സ്പൂൺ
കായം - 20 ഗ്രാം
പച്ചമുളക് –12 എണ്ണം
ഇഞ്ചി –50 ഗ്രാം
വെളുത്തുള്ളി - 50 ഗ്രാം
അച്ചാർ പൊടി – 100 ഗ്രാം
കാശ്മീരി മുളക് പൊടി –100 ഗ്രാം
വിനാഗിരി –100 എംഎൽ
ഉപ്പ് –ആവശ്യത്തിന്
മഞ്ഞൾപൊടി - ആവശ്യത്തിന്
പഞ്ചസാര - 50 ഗ്രാം
തയാറാക്കുന്ന വിധം
ചെറുനാരങ്ങ ഉപ്പിലിട്ട ശേഷം അച്ചാറുണ്ടാക്കുന്നതാണ് നല്ലത്. പക്ഷേ, നമുക്ക് ഈ വഴിയൊന്നു പരീക്ഷിക്കാം. ചെറുനാരങ്ങാ ചെറിയ കഷ്ണങ്ങളായി മുറിക്കുക. ശേഷം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് ഇളക്കിവയ്ക്കാം. പാത്രത്തിൽ ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. ഉലുവ ചേർത്ത് നിറം മാറുമ്പോൾ കറിവേപ്പിലയും ചെറുതായി മുറിച്ചു വച്ച ഇഞ്ചി പച്ചമുളക്, വെളുത്തുള്ളി എന്നിവയും ചേർക്കുക. കുറച്ചു നേരം വഴറ്റിയ ശേഷം ചെറുനാരങ്ങ ചേർക്കാം. നല്ലപോലെ വാടിയ ശേഷം ചെറിയ കഷ്ണങ്ങളാക്കിയ ഈന്തപ്പഴം ചേർക്കാം. തുടർന്ന് അച്ചാർ പൊടി, കാശ്മീരി മുളക്പൊടി, കായം എന്നിവ ചേർക്കാം. പൊടികൾ ചൂടാവുമ്പോൾ വളരെ കുറച്ചു വിനാഗിരി,കുറച്ചു ചൂടുവെള്ളം എന്നിവ ഒഴിച്ച് നേർപ്പിക്കുക. ആവശ്യത്തിന് ഉപ്പും അല്പം പഞ്ചസാരയും ചേർത്ത് കൊടുക്കാം. അധികം എരിവും പുളിയുമില്ലാത്ത ചെറിയ മധുരമുള്ള ഈന്തപഴം ചെറുനാരങ്ങാ അച്ചാർ തയാർ. ആദ്യമിട്ട ഉപ്പ് നാരങ്ങയിൽ പിടിക്കുന്നത് കൊണ്ട് കുറച്ചു ദിവസത്തിനുള്ളിൽ വീണ്ടും ഉപ്പ് ചേർത്ത് കൊടുക്കേണ്ടി വരുമെന്നു മാത്രം.
.jpg)


