ക്രിസ്മസ് പരീക്ഷാ ചൂടാണോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം; പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വഴികൾ..
ഒരു വശത്ത് കേക്കും മധുരവും അവധിയുടെ സന്തോഷവും .മറ്റൊരു വശത്ത് കുട്ടികളുടെ ക്രിസ്മസ് പരീക്ഷാ സമ്മർദ്ദവും.ഇത് പരീക്ഷക്കാലമാണ്. പരീക്ഷയ്ക്ക് പഠിക്കുന്നതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യവും ഭക്ഷണക്രമവും ശ്രദ്ധിക്കുക അത്യന്തം പ്രധാനമാണ്. പലപ്പോഴും കുട്ടികളേക്കാൾ കൂടുതൽ പരീക്ഷാസമ്മർദ്ദം അനുഭവിക്കുന്നത് അമ്മമാരാണ്. മക്കളെ സഹായിക്കാൻ അമ്മമാർക്ക് കഴിയുന്ന ഏറ്റവും നല്ല വഴി, അവരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുകയാണ്.നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മനോനിലയെ ബാധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. സമ്മർദം അകറ്റാനും മനസ്സ് ശാന്തമാക്കാനും ചില ഭക്ഷണങ്ങൾക്കാകും. മധുരവും കൊഴുപ്പും കൂടുതൽ അടങ്ങിയ ഭക്ഷണം പരീക്ഷാക്കാലത്ത് പൂർണമായും ഒഴിവാക്കാം. ഓർമശക്തിയും ശ്രദ്ധയും വർധിപ്പിക്കാൻ ആരോഗ്യകരമായ ഭക്ഷണ ക്രമം ശീലിക്കണം. പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികൾക്കായി ഇതാ ചില ഭക്ഷ്യ നുറുങ്ങുകൾ..
ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. മുട്ട, കാരറ്റ്, മത്സ്യം, അണ്ടിപ്പരിപ്പ്, പച്ച നിറത്തിലുള്ള ഇലക്കറികൾ, ബ്രോക്കോളി, പഴങ്ങൾ ഇവയിലെല്ലാം ധാരാളം ആന്റിഓക്സിഡന്റുകൾ ഉണ്ട്. ജീവകം എ, ഇ, സി ഇവയും ധാരാളമായി അടങ്ങിയ ഈ ഭക്ഷണങ്ങൾ തലച്ചോറിലെ കോശങ്ങളുടെ നാശം തടയും. ഒരു ബാലൻസ്ഡ് ഡയറ്റ് നിങ്ങളെ രോഗം തടയാതെ കാക്കുന്നതോടൊപ്പം ശ്രദ്ധ വർധിപ്പിക്കാനും സഹായകം.
∙ ജീവകം ബി, സിങ്ക് ഇവയുടെ ലഭ്യത ഉറപ്പു വരുത്താനായി തവിടു കളയാത്ത അരി, മുഴുധാന്യമായ ഓട്സ്, ബാർലി, ഗോതമ്പ് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പരിപ്പ്, അണ്ടിപ്പരിപ്പ്, കൊഴുപ്പു കുറഞ്ഞ പാലുൽപ്പന്നങ്ങൾ, ലീൻമീറ്റ് ഇവ കഴിക്കുക.
∙ മത്തി, അയല മുതലായ മത്സ്യങ്ങൾ കഴിക്കുക. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡും, പ്രോട്ടീനും ഉണ്ട്. ചർമം, ഹൃദയാരോഗ്യം, ബുദ്ധിശക്തി ഇവയ്ക്ക് നല്ലത്.
∙ മൈദ, വെളുത്ത അരി, മധുര പാനീയങ്ങൾ, പഞ്ചസാര, ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതും ഇവ ഒഴിവാക്കുക.
∙ ധാരാളം വെള്ളം കുടിക്കുക. ശരീരത്തിൽ ജലാംശം ഇല്ലെങ്കിൽ തലവേദന, ക്ഷീണം, ശ്രദ്ധക്കുറവ് ഇവയെല്ലാം ഉണ്ടാകും. കാപ്പി, ചായ ഇവയുടെ ഉപയോഗം കുറയ്ക്കുക. ഗ്രീൻ ടീ ശീലമാക്കാം. സ്നാക്സ് ആയി ബദാമോ അണ്ടിപ്പരിപ്പോ കഴിക്കാം. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.
∙ കിടക്കാൻ പോകും മുൻപ് വയറു നിറയെ കഴിക്കരുത്. കിടക്കുന്നതിന് മൂന്നു മണിക്കൂറെങ്കിലും മുൻപ് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
∙ പരീക്ഷാക്കാലത്ത് കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങണം.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യ കാര്യത്തിൽ ആശങ്ക വേണ്ട. മക്കള്‍ക്ക് ആരോഗ്യം നൽകുന്ന ഭക്ഷണം നല്‍കാനും ശാന്തമായ ഗൃഹാന്തരീക്ഷം ഒരുക്കിക്കൊടുക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കുമല്ലോ.
.jpg)


