ചെന്നൈ സ്പെഷല്‍ കരിക്കിന്‍ വെള്ള ജെല്ലി

Chennai Special White Curry Jelly
Chennai Special White Curry Jelly

ഉന്മേഷദായകമായ പാനീയം എന്നതിലുപരി, ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ കരിക്കിന്‍ വെള്ളത്തിനുണ്ട്. പൊട്ടാസ്യം, കാൽസ്യം, മാംഗനീസ്, ആൻറി ഓക്‌സിഡൻ്റുകൾ, അമിനോ ആസിഡുകൾ, സൈറ്റോകിനിൻസ് തുടങ്ങിയ വിവിധ ധാതുക്കളും ഇലക്‌ട്രോലൈറ്റുകളും കരിക്കിന്‍വെള്ളത്തിൽ ധാരാളമുണ്ട്. പൊട്ടാസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണ് കരിക്കിന്‍വെള്ളം, ഏകദേശം 470 മില്ലിഗ്രാം പൊട്ടാസ്യം ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഇതില്‍ കലോറി, കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ കുറവാണ്. മാംഗനീസിന്റെ നല്ല ഉറവിടമായതിനാല്‍ ഇത് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും.

കരിക്കിന്‍ വെള്ളം തണുപ്പിച്ച് കുടിക്കുമെങ്കിലും മറ്റു വിഭവങ്ങള്‍ ഒന്നും ഇതുകൊണ്ട് ഉണ്ടാക്കുന്നത് അധികം കണ്ടിട്ടില്ല. ചെന്നൈയില്‍ കരിക്കിന്‍ വെള്ളം ഉപയോഗിച്ച് സ്പെഷല്‍ ജെല്ലി ഉണ്ടാക്കാറുണ്ട്. ഇത് എങ്ങനെയാണു തയാറാക്കുന്നത് എന്നു നോക്കിയാലോ...

ചേരുവകൾ

    കരിക്കിന്‍ വെള്ളം - 2 കപ്പ്
    അഗർ അഗർ പൊടി (അർബൻ പ്ലാറ്റർ) - 2 ടീസ്പൂൺ
    ഉപ്പ് - 1 നുള്ള്
    പഞ്ചസാര - 1/4 കപ്പ് 
    ബേസിൽ / സബ്ജ വിത്തുകൾ -  1.5 ടീസ്പൂൺ കുതിർത്തത്

തയാറാക്കുന്ന വിധം

1. ഒരു പാൻ എടുത്ത് ഇളം കരിക്കിന്‍ വെള്ളം ഒഴിച്ച്, അതിലേക്കു പഞ്ചസാരയും ഉപ്പും മിക്‌സ് ചെയ്തതിനു ശേഷം അഗർ അഗർ പൊടി ചേർത്തു നന്നായി ഇളക്കുക.

2. ചെറിയ തീയിൽ വച്ച്, 3-4 മിനിറ്റ് തുടര്‍ച്ചയായി ഇളക്കി ചൂടാക്കുക.

3. ഉടനടി ഗ്ലാസ് പാത്രത്തിലേക്ക് ഒഴിച്ച ശേഷം, മുകളില്‍ കുതിര്‍ത്ത ബേസിൽ/സബ്ജ വിത്തുകൾ ഉപയോഗിച്ച് ടോപ്പ് അപ്പ് ചെയ്യാം.

4. 5 മിനിറ്റിനു ശേഷം റഫ്രിജറേറ്ററിലേക്കു മാറ്റുക, മൂടിവയ്ക്കാന്‍ മറക്കരുത്. 2 മണിക്കൂർ തണുക്കട്ടെ. അതിനു ശേഷം പുറത്തെടുത്തു കഷ്ണങ്ങളാക്കി മുറിച്ചു കഴിക്കാം.

Tags