കുട്ടികൾക്ക് കൊടുക്കാൻ ഇതിലും നല്ലൊരു ഫുഡ് വേറെ ഇല്ല


ആവശ്യമായ സാധനങ്ങൾ:-
അവല്‍ - 250 ഗ്രാം
ശര്‍ക്കര - 250 ഗ്രാം
തേങ്ങ ചിരവിയത് - 2 കപ്പ്
തേങ്ങക്കൊത്ത് - കാല്‍ കപ്പ്
എള്ള് - രണ്ട് ടേബിള്‍ സ്പൂണ്‍
ഏലക്ക പൊടി - 1 ടീസ്പൂണ്‍
ചുക്ക് പൊടി - 1 ടീസ്പൂൺ
നല്ല ജീരകം പൊടിച്ചത് - 1ടീസ്പൂൺ
ഉണക്ക മുന്തിരി, കശുവണ്ടി
പൊട്ടു കടല – അര കപ്പ്
വെള്ളം- ആവശ്യത്തിന്
നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം :
ഒരു ചീനചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ തേങ്ങാക്കൊത്ത് അരിഞ്ഞത് ചേര്‍ത്ത് വറക്കുക. ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ എള്ളും, പൊട്ടു കടലയും, കശുവണ്ടി, ഉണക്ക മുന്തിരി ചേര്‍ത്ത് ചെറുതായി വറത്ത് മാറ്റി വെക്കുക.
ശര്‍ക്കര ആവശ്യത്തിനു വെള്ളം ചേര്‍ത്ത് പാനി ആക്കുക. ശേഷം ചീന ചട്ടിയിൽ ബാക്കിയുള്ള നെയ്യിൽ ശർക്കര പാനി അരിച്ചു ചേർക്കുക.ഇതില്‍ തേങ്ങ ചുരണ്ടിയത് ചേര്ത്ത് പാനി പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങുക .
ചെറുചൂടില്‍ അവല്‍ ചേര്‍ത്തു ഇളക്കുക ഇതിലേയ്ക്ക് പൊടികൾ ചേര്ത്ത് നല്ലതുപോലെ ഇളക്കുക.
വറത്ത് മാറ്റിവെച്ചിരിക്കുന്ന എള്ളും പൊട്ടു കടലയും തേങ്ങാക്കൊത്തും ചേര്‍ത്തു ഇളക്കുക.
അവല്‍ വിളയിച്ചത് തയ്യാര്‍.
ടിപ്സ് :എല്ലാ ചേരുവകളും ചേര്‍ത്തതിന് ശേഷം അവല്‍ തീയില്‍ വെക്കരുത്. അവല്‍ കട്ടിയായിപ്പോകും.
തേങ്ങാ ചുരണ്ടിയത് ശര്‍ക്കരയില്‍ ചേര്‍ത്തിളക്കുമ്പോള്‍ വേണമെങ്കില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ക്കാവുന്നതാണ്

അവല്‍ ചൂടാറിയതിന് ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ അടച്ചു സൂക്ഷിക്കാവുന്നതാണ്