ഓണത്തിന് തയ്യാറാക്കാം ഈ നാടൻ പലഹാരം
ഓണക്കാലത്ത് പണ്ട് വീടുകളിൽ തയ്യാറാക്കിയിരുന്ന ഒരു പലഹാരമാണ് ചീട. ഇവ ശീട, കടുകടക്ക, കളിയടയ്ക്ക എന്നീ പേരുകളിലും അറിയപ്പെടുന്നു. ചായയ്‌ക്കൊപ്പം കറുമുറെ കൊറിക്കാം പറ്റിയ അടിപൊളി ഐറ്റമാണ് ഇത്.
ആവശ്യമായവ
വറുത്ത അരിപ്പൊടി - 1 കപ്പ്
ഉഴുന്നുപരിപ്പ് വറുത്തുപൊടിച്ചത് - 3 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് - 1/2 കപ്പ്
ജീരകം - 1/4 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 1 ടീസ്പൂണ്‍
തിളച്ച വെള്ളം - ആവശ്യത്തിന്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകിയത് ജീരകവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്‍, വറുത്ത അരിപ്പൊടി, ഉഴുന്നുപൊടിച്ചത്, തേങ്ങ അരച്ചത്, ഉപ്പ്, നെയ്യ് എന്നിവ എടുക്കുക. ഇതിലേക്ക് തിളച്ച വെള്ളം പാകത്തിന് ചേര്‍ത്ത് കുഴച്ചെടുക്കുക. ശേഷം 15 മിനിറ്റ് മാറ്റിവയ്ക്കാം. ശേഷം ഈ മാവ് ചെറിയ വലിപ്പത്തിലുള്ള ബോളുകളായി ഉരുട്ടിയെടുക്കുക.
ഒരു ഉരുളി അടുപ്പില്‍വച്ച് എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ ചൂടായ എണ്ണയിലേക്ക് ഉരുട്ടിവച്ച മാവ് ശ്രദ്ധാപൂര്‍വ്വം ഇടുക. ഇടത്തരം തീയില്‍ സ്വര്‍ണ്ണനിറമാകുന്നതുവരെ ഫ്രൈ ചെയ്‌തെടുക്കാം. പേപ്പര്‍ ടൗവ്വലിലേക്ക് വറുത്തുകോരിയിട്ടാല്‍ അധികമുള്ള എണ്ണ കളയാന്‍ സാധിക്കും. തണുത്തശേഷം വായു കടക്കാത്ത പാത്രത്തിലിട്ട് അടച്ച് സൂക്ഷിക്കാം.
(ഉരുളയുടെ പാകം ശരിയായില്ലെങ്കിൽ എണ്ണയിൽ ഇടുമ്പോൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്).