കടയിലെ രുചിയിൽ എളുപ്പത്തിൽ ഒരു സൂപ്പർ മിക്‌സ്ചർ വീട്ടിൽ തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങൾ
കടലമാവ് - അരക്കിലോ
പൊട്ടുകടല - 100 ഗ്രാം
കപ്പലണ്ടി - 100 ഗ്രാം
വെളുത്തുള്ളി - 5-6 എണ്ണം ചതച്ചത്
ഉപ്പ് - പാകത്തിന്
കറിവേപ്പില - പാകത്തിന്
കായം - ഒരു നുള്ള്
എണ്ണ - വറുക്കാൻ പാകത്തിന്
മുളക് പൊടി- കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
എങ്ങനെ മിക്‌സ്ചർ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് ആദ്യമായി പകുതി കടല മാവ് എടുത്ത് അതിലേക്ക് കായം പൊടിച്ചത്, ഉപ്പ്, അൽപം മുളക് പൊടി എന്നിവ മിക്‌സ് ചെയ്ത് ഇടിയപ്പത്തിന്റെ പാകത്തിൽ കുഴച്ചെടുക്കുക. ബാക്കി വരുന്ന മാവിലേക്ക് വെള്ളം ഒഴിച്ച് ഉപ്പിട്ട് അത് ദോശമാവിന്റെ പാകത്തിൽ കലക്കിയെടുക്കുക. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് അിലേക്ക് ഇടിയപ്പത്തിന്റെ പാകത്തിൽ വരുന്ന മാവ് ഇടിയപ്പത്തിന്റെ അച്ചിൽ ഒഴിച്ച് എണ്ണയിൽ വറുത്ത് കോരുക.
ശേഷം ദോശമാവിന്റെ പരുവത്തിൽ ആക്കി വെച്ചിരിക്കുന്ന മാവ് എടുത്ത് അത് ഓട്ടപ്പാത്രത്തിൽ കോരിയൊഴിച്ച് ചെറുതായി എണ്ണയിൽ വറുത്ത് കോരുക. ഇത് രണ്ടും മാറ്റി വെക്കുക. ശേഷം ആ എണ്ണയിലേക്ക് കടല, പൊട്ടുകടല, കറിവേപ്പില, കപ്പലണ്ടി എന്നിവ എല്ലാം വെവ്വേറെ വറുത്തെടുക്കുക. എല്ലാം നല്ലതുപോലെ വറുത്തെടുത്ത് എല്ലാം കൂടി നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കുക. ഉപ്പ് കുറവാണെങ്കിൽ അൽപം ഉപ്പ് ചേർക്കാം. ശേഷം മുളക് പൊടി അതിന് മുകളിൽ വിതറുകയും ചതച്ച വെളുത്തുള്ളി വറുത്ത് ചേർക്കുകയും ചെയ്യുക. നല്ല സ്വാദിഷ്ഠമായ മിക്‌സ്ചർ തയ്യാർ.
.jpg)

