ഒടിടിയിലും ഹിറ്റായി ‘യൂത്ത്’
തമിഴ് നടൻ കരുണാസിന്റെ മകൻ കെൻ കരുണാസ് സംവിധായകനായും നായകനായും അരങ്ങേറ്റം കുറിച്ച യൂത്ത് ബോക്സ് ഓഫീസിൽ വിസ്മയമാകുന്നു. മാർച്ച് 19-ന് വലിയ ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്ത ഈ കൊച്ചു ചിത്രം ഇതിനകം ആഗോള ബോക്സ് ഓഫീസിൽ 82 കോടി രൂപയാണ് സ്വന്തമാക്കിയത്. നിലവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും തിയറ്ററുകളിൽ ഇപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വയലൻസും രക്തച്ചൊരിച്ചിലുമില്ലാത്ത ഒരു പക്കാ ഫാമിലി എന്റർടെയ്‌നർ എന്ന നിലയിൽ കുടുംബപ്രേക്ഷകരും യുവാക്കളും ചിത്രത്തെ ഏറ്റെടുത്തതാണ് ഈ വലിയ വിജയത്തിന് പിന്നിൽ.
കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് വിതരണത്തിനെത്തിച്ച ചിത്രത്തിന് സുരാജ് വെഞ്ഞാറമൂടിന്റെ സാന്നിധ്യം വലിയ കരുത്തായി മാറി. കെൻ കരുണാസിന്റെ അച്ഛനായി മികച്ച പ്രകടനമാണ് സുരാജ് കാഴ്ചവെച്ചത്. ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ തിയറ്ററുകളിൽ ചിരി പടർത്തുന്നു. സ്കൂൾ-കോളേജ് കാലഘട്ടത്തിലെ പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളുമെല്ലാം ഹൃദ്യമായി അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു മികച്ച തിയറ്റർ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക.
ജി.വി. പ്രകാശ് കുമാർ ഒരുക്കിയ ഹിറ്റ് ഗാനങ്ങളും ചിത്രത്തിന്റെ ആവേശമുയർത്തുന്നു. ആദ്യ ആഴ്ച പിന്നിടുമ്പോഴും കേരളത്തിലെ തിയറ്ററുകൾ നിറഞ്ഞുകവിയുന്നത് ഒരു കൊച്ചു ചിത്രത്തിന് ലഭിക്കുന്ന അത്യപൂർവ്വമായ അംഗീകാരമാണ്. ഓരോ നിമിഷവും ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന യൂത്ത്, ഈ വർഷത്തെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. ദേവദർശിനി, മീനാക്ഷി ദിനേശ് തുടങ്ങിയവർ അണിനിരക്കുന്ന ഈ ചിത്രം പാർവത എന്റർടൈൻമെന്റിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.
.jpg)

