ബോക്സ് ഓഫീസിൽ തരംഗമായി ‘യൂത്ത്’
തമിഴ് നടൻ കരുണാസിന്റെ മകൻ കെൻ കരുണാസ് ആദ്യമായി സംവിധാനം ചെയ്ത് നായകനായി എത്തിയ ‘യൂത്ത്’ ബോക്സ് ഓഫീസിൽ തരംഗമാകുന്നു. മലയാളത്തിലെയും ബോളിവുഡിലെയും വമ്പൻ ചിത്രങ്ങളോട് മത്സരിച്ച് മാർച്ച് 19-ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം ആഗോളതലത്തിൽ 50 കോടി രൂപയുടെ കളക്ഷൻ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിച്ച ചിത്രം രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്.
മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് നായകന്റെ അച്ഛനായി ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സുരാജും കെനും തമ്മിലുള്ള രസകരമായ കോമ്പിനേഷൻ സീനുകളാണ് കേരളത്തിൽ ചിത്രത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തത്. സ്കൂൾ-കോളേജ് കാലഘട്ടത്തിലെ സൗഹൃദവും പ്രണയവും കുടുംബബന്ധങ്ങളുടെ വൈകാരികതയും ഹാസ്യത്തിൽ ചാലിച്ച് അവതരിപ്പിച്ച ചിത്രം യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നു. അനിഷ്മ അനിൽകുമാർ നായികയായ ചിത്രത്തിൽ മീനാക്ഷി ദിനേശ്, ദേവദർശിനി തുടങ്ങിയ വലിയ താരനിരയും അണിനിരക്കുന്നുണ്ട്.
ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ചാർട്ട് ബസ്റ്ററുകളായിക്കഴിഞ്ഞു. പാർവത എന്റർടൈൻമെന്റിന്റെ ബാനറിൽ കറുപ്പയ്യ സി. റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ് ഈ റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത്. കെൻ കരുണാസ് തന്നെ രചനയും നിർവ്വഹിച്ച ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ഒരുപോലെ നേടിക്കൊണ്ട് ചിത്രത്തിന്റെ മഹാവിജയമായി മാറുകയാണ്.
.jpg)


