ബോക്‌സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ വിജയവുമായി ‘യൂത്ത്’
തമിഴ് താരം കരുണാസിന്റെ മകൻ കെൻ കരുണാസ് നായകനായും സംവിധായകനായും അരങ്ങേറ്റം കുറിച്ച ‘യൂത്ത്’ കേരളത്തിലെ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിച്ച ഈ കൊച്ചു ചിത്രം, വമ്പൻ ബജറ്റ് ചിത്രങ്ങൾക്കിടയിലും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടുന്നത്. വയലൻസോ രക്തച്ചൊരിച്ചിലോ ഇല്ലാതെ കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന പക്കാ എന്റർടൈനർ എന്നതാണ് ചിത്രത്തിന്റെ വിജയരഹസ്യം.
മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നത് കേരളത്തിലെ വിജയത്തിന് വലിയ കരുത്തേകിയിട്ടുണ്ട്. കെൻ കരുണാസിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് തിളങ്ങുന്നത്. ഇരുവരും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രിയും തമാശകളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സ്കൂൾ-കോളേജ് കാലഘട്ടത്തിലെ സൗഹൃദവും പ്രണയവും കുടുംബബന്ധങ്ങളിലെ വൈകാരികതയും കോർത്തിണക്കിയ ചിത്രം ഒരു ‘ഫീൽ ഗുഡ്’ സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.
മലയാളി താരം അനിഷ്മ അനിൽകുമാർ നായികയായെത്തുന്ന ചിത്രത്തിൽ ദേവദർശിനി ചേതൻ, മീനാക്ഷി ദിനേശ് തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നു. ജി.വി. പ്രകാശ് കുമാർ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞു. പാർവത എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങിയ ഈ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ, വേനലവധി കാലത്ത് കുടുംബങ്ങൾക്ക് തിയേറ്ററുകളിൽ ചിരിച്ചുല്ലസിക്കാൻ പറ്റിയ മികച്ചൊരു ഉത്സവചിത്രമായി മാറിക്കഴിഞ്ഞു.
.jpg)


