'സെക്ഷ്വല്‍ ആംഗിളില്‍ ചിത്രീകരിക്കുമ്പോള്‍ നോ പറയണം'; ജാന്‍വിയുടെ പഴയവാക്കുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
നോ പറയാന്‍ പാടില്ലെയെന്നുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിച്ച പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' ബോക്സ് ഓഫീസില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതിനൊപ്പം നിരവധി വിമര്‍ശനങ്ങളും നേരിടുകയാണ്. നായികയായി എത്തിയ ജാന്‍വി കപൂറിന്റെ വേഷവിധാനവും അവരെ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന കാര്യങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഉപഭോഗവസ്തുവായിട്ടാണ് സ്ത്രീകളെ ഈ ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും പടം മുഴുവന്‍ നായികയുടെ മാറും അരക്കെട്ടും മാത്രമാണെന്നുമാണ് സംവിധായകനെതിരെ ഉയരുന്നു രൂക്ഷ വിമര്‍ശനം. ഇത് എന്തുകൊണ്ട് ജാന്‍വി മനസിലാക്കുന്നില്ലെന്നും നോ പറയാന്‍ പാടില്ലെയെന്നുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഈ വിവാദങ്ങള്‍ക്കെതിരെ ജാന്‍വി കപൂറിന്റെ പഴയൊരു അഭിമുഖം കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 'നമ്മള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് പുറത്തുപോകുമ്പോള്‍, ക്യാമറയുമായി ഒരുകൂട്ടം വന്ന് നമ്മുടെ ശരീരഭാഗങ്ങളിലേക്ക് മാത്രം സൂം ചെയ്യുമെന്ന് നമ്മള്‍ ഒരിക്കലും വിചാരിക്കുന്നില്ല. പക്ഷേ അവര്‍ വ്യൂവ്സിനും പണത്തിനും വേണ്ടി സ്ത്രീകളുടെ ശരീരം അവരുടെ അനുവാദമില്ലാതെ ചിത്രീകരിക്കുന്നു. അത് അങ്ങേയറ്റം വളരെ മോശമാണ്'- മാസങ്ങള്‍ക്കു മുന്‍പ് ജാന്‍വി പറഞ്ഞ വാക്കുകളാണിത്.
കംഫെര്‍ട്ടബിള്‍ അല്ലാത്ത ആംഗിളുകളില്‍ സിനിമയില്‍ ക്യാമറ വയ്ക്കുമ്പോള്‍ നോ പറയണം. ആദ്യമൊക്കെ എനിക്കത് മടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇഷ്ടമായില്ലെങ്കില്‍ തുറന്നു പറയും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വിട്ടു വീഴ്ചയ്ക്കു തയ്യാറാകേണ്ടി വരുമെന്നും ജാന്‍വി പറയുന്നു.
.jpg)

