യാഷിന്റെ ‘ടോക്സിക്’ ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്

toxic

റോക്കി ഭായ് യാഷും മലയാളി സംവിധായിക ഗീതു മോഹൻദാസും കൈകോർക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സി’ന്റെ പുതിയ വീഡിയോ ടീസർ പുറത്തിറങ്ങി. ‘ലേഡീസ് ആൻഡ് ലേഡീസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക വീഡിയോ ചിത്രത്തിലെ ഡാർക്ക് ആക്ഷൻ ലോകത്തെ നിയന്ത്രിക്കുന്ന അതിശക്തരായ സ്ത്രീ കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. ധൈര്യവും ആത്മവിശ്വാസവും നിഗൂഢതയും നിറഞ്ഞ വിഷ്വലുകളോടെ എത്തിയ വീഡിയോ, സിനിമയെ മുന്നോട്ട് നയിക്കുന്നതിൽ ഈ സ്ത്രീശക്തികൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന നേർക്കാഴ്ചയാണ് സമ്മാനിക്കുന്നത്.

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര, ബോളിവുഡ് സുന്ദരി കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരുടെ അത്യുഗ്രൻ പ്രകടനങ്ങളാണ് ടീസറിലെ ഓരോ ഫ്രെയിമും സമ്പന്നമാക്കുന്നത്. വളരെ ബോൾഡ് ആയ ലുക്കിൽ നയൻതാരയും, ആകർഷകവും നിഗൂഢവുമായ ഭാവങ്ങളോടെ കിയാരയും എത്തുമ്പോൾ, കയ്യിൽ തോക്കേന്തി അതീവ തീക്ഷ്ണമായ ലുക്കിലാണ് രുക്മിണി വസന്ത് പ്രത്യക്ഷപ്പെടുന്നത്. സ്വതന്ത്രവും ചടുലവുമായ ഭാവങ്ങളുമായി താര സുതാരിയയും ഹുമ ഖുറേഷിയും കൂടിച്ചേരുമ്പോൾ ടോക്സിക്കിന്റെ ലോകം കൂടുതൽ ക്രൂരവും മനോഹരവുമായി മാറുന്നു. സ്ത്രീയുടെ കാഴ്ചപ്പാടിൽ കഥ പറയുന്ന ഒരു പശ്ചാത്തല ശബ്ദവും ടീസറിന്റെ വന്യതയും വിമതസ്വഭാവവും ഇരട്ടിയാക്കുന്നുണ്ട്.

ആദ്യ നിമിഷം മുതൽ തന്നെ പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിലാണ് ഈ പ്രൊമോ വീഡിയോ ഒരുക്കിയിരിക്കുന്നത്. കുട്ടികളും മുതിർന്നവരും ഈ വീഡിയോ കാണുമ്പോൾ പാലിക്കേണ്ട തമാശ നിറഞ്ഞതും എന്നാൽ ശക്തവുമായ ചില മുന്നറിയിപ്പുകളോടെയാണ് ടീസർ ആരംഭിക്കുന്നത് തന്നെ. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്‌സിക്’, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലും വൻപിച്ച രീതിയിൽ റിലീസ് ചെയ്യും. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ. പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം വരാനിരിക്കുന്ന ഓഗസ്റ്റ് 26 ബുധനാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Tags