"സ്ത്രീകളുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്,"; 'ടോക്സിക്' വിശേഷങ്ങളുമായി യാഷ്

Sudev Nair to stand with Yash in Cuttack; First look poster

'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്' എന്ന പുതിയ ചിത്രത്തിലെ വൈകാരികമായ ആഴത്തെക്കുറിച്ചും കഥാപ്രാധാന്യത്തെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് പാൻ-ഇന്ത്യൻ താരം യാഷ്. ചിത്രത്തിന്റെ സംവിധായിക ഗീതു മോഹൻദാസ് തികച്ചും വ്യത്യസ്തമായ ഒരു 'ഫീമെയിൽ ഗേസിലൂടെയാണ്' ഈ സിനിമക്ക് പുത്തൻ കാഴ്ചപ്പാട് നൽകിയതെന്ന് യാഷ് വെളിപ്പെടുത്തി. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഒരു വനിതാ സംവിധായികക്കൊപ്പം പ്രവർത്തിച്ചത് ചിത്രത്തിലെ വികാരങ്ങളും ബന്ധങ്ങളും സാഹചര്യങ്ങളും കൈകാര്യം ചെയ്ത രീതിയെ പൂർണ്ണമായി മാറ്റിയതായും യാഷ് പങ്കുവെച്ചു. "പുരുഷന്മാർ ജീവിതത്തെ കാണുന്നത് വ്യത്യസ്തമായ രീതിയിലാണ്. സ്ത്രീകൾ കാര്യങ്ങളെ നോക്കിക്കാണുമ്പോൾ എപ്പോഴും അവിടെയൊരു വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാകും. പുരുഷന്മാർ പലപ്പോഴും പല വികാരങ്ങളും കാര്യങ്ങളും ശ്രദ്ധിക്കാതെ വിട്ടുപോകാറുണ്ട്. ഒരു സാഹചര്യത്തിൽ പുരുഷന് പ്രാധാന്യമുള്ളതായി തോന്നുന്ന കാര്യമായിരിക്കില്ല ഒരുപക്ഷേ സ്ത്രീ കൂടുതൽ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ആ ഒരു കാഴ്ചപ്പാട് വളരെ പുതുമയുള്ളതും ആഴമേറിയതുമായി മാറുന്നു," യാഷ് പറഞ്ഞു.

'ടോക്സിക്' ഒരു ഗ്യാങ്സ്റ്റർ ഡ്രാമയുടെ ദൃശ്യഭംഗിയും തീവ്രതയും ഉൾക്കൊള്ളുന്ന ചിത്രമാണെങ്കിലും, സാധാരണ കൊമേഴ്സ്യൽ സിനിമകളുടെ രീതികൾക്കപ്പുറം ധാർമ്മികമായി സങ്കീർണ്ണമായ കഥാപാത്രങ്ങളെയും യഥാർത്ഥ വികാരങ്ങളെയും മനുഷ്യന്റെ ബലഹീനതകളെയും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്ന് യാഷ് വ്യക്തമാക്കി.

സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ വെറും സഹനടമാരായിട്ടല്ല ചിത്രീകരിച്ചിരിക്കുന്നത്, മറിച്ച് കഥക്കുള്ളിൽ കൃത്യമായ വ്യക്തിത്വവും സ്വന്തമായ നിലപാടുകളുമുള്ള മനുഷ്യരായാണ് അവരെ അവതരിപ്പിച്ചതെന്നും താരം എടുത്തുപറഞ്ഞു.

"ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വ്യത്യസ്തമായ രാഷ്ട്രീയവും വ്യത്യസ്തമായ തരത്തിലുള്ള പോരാട്ടങ്ങളുമുണ്ട്," എന്ന് വ്യക്തമാക്കിയ യാഷ്, തങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഏത് സാഹചര്യത്തിലും അതിജീവിക്കാൻ കെൽപ്പുള്ളവരുമായ ശക്തരായ സ്ത്രീകളാണ് ചിത്രത്തിലുള്ളതെന്നും കൂട്ടിച്ചേർത്തു. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതരിയ, രുക്മിണി വസന്ത് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം സ്ത്രീ കഥാപാത്രങ്ങളുടെ വൈകാരികമായ ആഴവും കരുത്തും സങ്കീർണ്ണതയും അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു.

Tags