തന്റെ ഏറ്റവും സ്വകാര്യമായ ചിന്തകളും അരക്ഷിതാവസ്ഥകളും തുറന്നുപറയാൻ കഴിയുന്ന വ്യക്തിയാണ് ഭാര്യ : നടൻ വിശാഖ് നായർ

vishak

 തന്റെ ഏറ്റവും സ്വകാര്യമായ ചിന്തകളും അരക്ഷിതാവസ്ഥകളും തുറന്നുപറയാൻ കഴിയുന്ന വ്യക്തിയാണ് ഭാര്യയെന്ന് നടൻ വിശാഖ് നായർ. അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ പരസ്പരം മനസ്സിലാക്കാനും കളിയാക്കാനും വിമർശിക്കാനും സ്വാതന്ത്ര്യമുള്ള സൗഹൃദമാണ് തങ്ങൾക്കിടയിലുള്ളതെന്നും, ഭാര്യയും ഭർത്താവും എന്ന ടാഗിനപ്പുറം നല്ലൊരു സൗഹൃദം നിലനിൽക്കുന്നതാണ് തങ്ങളുടെ ബന്ധത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് മറ്റാരെക്കാളും കൂടുതൽ തന്നെ സത്യസന്ധമായി മനസ്സിലാക്കുന്നത് ഭാര്യയാണെന്ന് വിശാഖ് വ്യക്തമാക്കി. ഏറ്റവും ഇൻസെക്യൂർ ആയിട്ടുള്ള ചിന്തകളും വികാരങ്ങളുമെല്ലാം പങ്കുവെക്കുന്നത് അവളുടെ അടുത്താണ്. ഒരു ബന്ധത്തിലാകുമ്പോൾ അതിൽ കുറച്ച് റീ-പാരന്റിങ്ങും ഉണ്ടെന്നാണ് തോന്നുന്നതെന്നും, നമ്മുടെ ഉള്ളിലുള്ള കുട്ടിയെ പങ്കാളിയുടെ അടുത്ത് പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു അടുപ്പം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഒരു ബന്ധത്തിൽ പ്രധാനമെന്നും താരം കൂട്ടിച്ചേർത്തു.

ബോയ്ഫ്രണ്ട്, ഗേൾഫ്രണ്ട്, ഹസ്ബൻഡ്, വൈഫ് എന്ന ടാഗിനപ്പുറം ഉള്ളിലുള്ളത് ഒരു ഫ്രണ്ട്ഷിപ്പാണ്. അവളുടെ അടുത്ത് എനിക്ക് ‘ബ്രോ, ബോറടിക്കുന്നു’ എന്നൊക്കെ പറയാൻ പറ്റണം. അവൾക്കും തന്നെ അവളുടെ രീതിയിൽ കളിയാക്കാനും ട്രോൾ ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ‘നീ എന്റെ ഭാര്യയാണ്, എനിക്ക് ചായ എടുത്തുതരണം’ എന്നൊക്കെ പറഞ്ഞാൽ നടക്കില്ലെന്നും വിശാഖ് തമാശ രൂപേണ പറഞ്ഞു.

സിനിമയിലെ കിസ്സിങ് സീനുകളൊന്നും ഭാര്യയ്ക്ക് ഇഷ്ടമല്ലെന്ന് അറിയാമെന്നും, എന്നാൽ കഥാപാത്രത്തിന് ആവശ്യമുള്ള കാര്യമാണെങ്കിൽ അത് ചെയ്യുമെന്ന് അവൾക്ക് അറിയാമെന്നും അതുകൊണ്ട് ചെയ്തോളൂ എന്നാണ് അവൾ പറയുന്നതെന്നും വിശാഖ് വ്യക്തമാക്കി. ഒരു സീനിനോ കഥാപാത്രത്തിനോ അത്തരമൊരു രംഗം ആവശ്യമാകുന്നത് എന്തുകൊണ്ടാണെന്ന് അവൾക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടതും തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags