'തടിയുള്ളപ്പോഴായിരുന്നു കാണാന്‍ ഐശ്വര്യം, ഇപ്പോള്‍ രോഗിയെപ്പോലെ'; ബോഡി ഷെയ്മിങ്ങില്‍ മറുപടിയുമായി സൗഭാഗ്യ വെങ്കിടേഷ്
വണ്ണം ഉണ്ടായിരുന്നപ്പോഴും ശരീരത്തെ പരിഹസിച്ചവര്‍, ഭാരം കുറഞ്ഞപ്പോഴും മറ്റൊരു രീതിയില്‍ അധിക്ഷേപം തുടരുകയാണെന്ന് താരം ചൂണ്ടിക്കാട്ടി.
ശരീരഭാരം കുറച്ചതിന് പിന്നാലെ നേരിടേണ്ടിവന്ന ബോഡി ഷെയ്മിങ് കമന്റുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ സൗഭാഗ്യ വെങ്കിടേഷ്. തനിക്കെതിരെ വന്ന നെഗറ്റീവ് കമന്റുകള്‍ വീഡിയോയായി സമാഹരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് സൗഭാഗ്യ തന്റെ നിലപാട് വ്യക്തമാക്കിയത്. വണ്ണം ഉണ്ടായിരുന്നപ്പോഴും ശരീരത്തെ പരിഹസിച്ചവര്‍, ഭാരം കുറഞ്ഞപ്പോഴും മറ്റൊരു രീതിയില്‍ അധിക്ഷേപം തുടരുകയാണെന്ന് താരം ചൂണ്ടിക്കാട്ടി.
'അയ്യോ, ഇപ്പോള്‍ ആ പഴയ ഭംഗിയൊക്കെ പോയി, തടിയുള്ളപ്പോഴായിരുന്നു കാണാന്‍ ഐശ്വര്യം', 'വണ്ണം കുറഞ്ഞപ്പോള്‍ രോഗിയെപ്പോലെയായി', 'ചാകാറായോ, ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ?' തുടങ്ങിയ കമന്റുകളാണ് സൗഭാഗ്യ പങ്കുവെച്ച വീഡിയോയിലുള്ളത്. ശരീരഭാരം കുറച്ചത് സംബന്ധിച്ചും രൂപമാറ്റത്തെക്കുറിച്ചും വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള നിരവധി കമന്റുകള്‍ ലഭിച്ചതായി താരം വീഡിയോയിലൂടെ വ്യക്തമാക്കി.
''ബോഡി ഷെയ്മിങ് ഒരിക്കലും അവസാനിക്കില്ല. നിങ്ങള്‍ മരിക്കുന്നത് വരെ അത് പുതിയ പുതിയ രൂപങ്ങളില്‍ വന്നുകൊണ്ടിരിക്കും. എങ്കിലും നമ്മള്‍ അവരോട് 'പോടാ...' എന്ന് പറഞ്ഞ് സ്വന്തം വഴിക്ക് മുന്നോട്ട് പോകണം'' എന്നായിരുന്നു സൗഭാഗ്യയുടെ പ്രതികരണം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് പിന്നാലെ പോകാതെ സ്വന്തം ആരോഗ്യത്തിനും സന്തോഷത്തിനും പ്രാധാന്യം നല്‍കണമെന്ന സന്ദേശവും താരം പങ്കുവെച്ചു.
.jpg)

