സൂര്യ- മമിത ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ ബുക്കിംഗ് അപ്‌ഡേറ്റ് പുറത്ത്
സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തുന്നു. ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് നാളെ വൈകുന്നേരം 6 മണി മുതൽ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. സിതാര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കറി’ന് ശേഷം വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘പട്ടാമ്പൂച്ചി’യുടെ ലിറിക്കൽ വീഡിയോ അടുത്തിടെ പുറത്തിറങ്ങി ജനശ്രദ്ധ നേടിയിരുന്നു. ജി. വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
ഒരു പക്കാ ഫാമിലി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഒടിടി അവകാശം വൻ തുകയ്ക്കാണ് വിറ്റുപോയത്. 85 കോടിയോളം രൂപയ്ക്ക് നെറ്റ്ഫ്ലിക്‌സാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയത്. റിലീസ് ദിനത്തിൽ തന്നെ ചിത്രം വമ്പൻ ഓപ്പണിംഗ് കളക്ഷൻ നേടുമെന്നാണ് സിനിമാ ലോകത്തിന്റെ കണക്കുകൂട്ടൽ.
.jpg)

