‘വിശ്വനാഥ് ആൻഡ് സൺസ്’ തിയേറ്ററുകളിലേക്ക്

Viswanathan and Sons

 സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 14-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ അഡ്വാൻസ് ബുക്കിങ് ആഗസ്റ്റ്11ന് വൈകുന്നേരം 6 മണിയോടെ ആരംഭിക്കും. യു/എ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിന് വൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്. സിതാര എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു. സൂര്യയുടെ കരിയറിലെ 46-ാമത് ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’, വൻ വിജയമായ ‘ലക്കി ഭാസ്കറിന്’ ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

ഒരു ഗംഭീര ഫാമിലി എന്റർടെയിനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസറും ഗാനങ്ങളും നൽകുന്ന സൂചന. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞു. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം നിമിഷ് രവിയും സംഗീതം ജി. വി. പ്രകാശ് കുമാറും നിർവ്വഹിച്ചിരിക്കുന്നു. നവീൻ നൂലിയാണ് എഡിറ്റർ. ബംഗ്ലാൻ (പ്രൊഡക്ഷൻ ഡിസൈനർ), യലമഞ്ചിളി ഗോപാല കൃഷ്ണ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), കരുമാഞ്ചി ഉമാ മഹേശ്വര റാവു (ലൈൻ പ്രൊഡ്യൂസർ), ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ (കലാസംവിധാനം), വി. വെങ്കട്ട് (ഫൈറ്റ്), ശേഖർ വിജെ, വിജയ് ബിന്നി (നൃത്തസംവിധാനം), കെ. എൻ. വിജയകുമാർ (സംഭാഷണം), വാസുദേവ റാവു മൊജ്ജാദ (വിഎഫ്എക്സ്) തുടങ്ങിയവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ.

Tags