സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ ഇനി ഒടിടിയിൽ കാണാം

viswanathan

 സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ കുടുംബചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കറി’നു ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂര്യയുടെ കരിയറിലെ 46-ാമത്തെ സിനിമയാണ്. ആഗോള ബോക്സോഫിസിൽ 240 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.

പ്രണയവും ഹാസ്യവും വൈകാരിക മുഹൂർത്തങ്ങളും മികച്ച ഗാനങ്ങളും കോർത്തിണക്കിയൊരുക്കിയ ഈ ഗംഭീര ഫാമിലി എന്റർടെയ്നർ സൂര്യ ആരാധകരുടെയും കുടുംബപ്രേക്ഷകരുടെയും ഒരുപോലെ പ്രിയങ്കരമായി മാറിയിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വെങ്കി അറ്റ്ലൂരി തന്നെയാണ്.

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത് ന്യൂ സൂര്യ ഫിലിംസാണ്. ജി.വി. പ്രകാശ് കുമാർ സംഗീതവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ നവീൻ നൂലിയും പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാനുമാണ്.

Tags