59 കോടി കടന്ന് മലയാളത്തിൻറെ വിഷു ബോക്സ് ഓഫീസ്
Apr 16, 2025, 18:24 IST


മലയാള സിനിമയുടെ വർഷത്തിലെ പ്രധാന സീസണുകളിൽ ഒന്നാണ് വിഷു. വേനലവധിക്കാലവും ഈസ്റ്ററും എല്ലാം ചേർന്നുവരുന്ന സീസണിൽ പ്രധാന റിലീസുകൾ മിക്കപ്പോഴും ഉണ്ടാവാറുണ്ട്.മൂന്ന് വ്യത്യസ്തവും ശ്രദ്ധേയവുമായ ചിത്രങ്ങളായിരുന്നു ഇത്തവണത്തെ വിഷുവിന് മലയാളത്തിൽ നിന്ന്.
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്ക, നസ്‍ലെനെ നായകനാക്കി ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന, ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സ് എന്നിവയായിരുന്നു അവ. വിഷു ദിനം പിന്നിട്ടിരിക്കെ ഈ ചിത്രങ്ങൾ ഇന്നലെവരെ നേടിയ കളക്ഷൻ എത്രയെന്ന് നോക്കാം. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം മരണമാസ്സ് ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 8.97 കോടി ആണ്.
മമ്മൂട്ടി നായകനായ ബസൂക്ക ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയ നെറ്റ് കളക്ഷൻ 10.49 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 9 കോടിയും. അങ്ങനെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആകെ 19.4 കോടി. ആദ്യ അഞ്ച് ദിനങ്ങളിലെ കണക്കാണ് ഇത്. അതേസമയം നസ്‍ലെൻ- ഖാലിദ് റഹ്‍മാൻ ചിത്രം ആലപ്പുഴ ജിംഖാന ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 18.4 കോടിയാണ്. വിദേശത്തുനിന്ന് 12.1 കോടിയും. അങ്ങനെ ആദ്യ അഞ്ച് ദിനങ്ങളിൽ നിന്ന് ചിത്രം ഇതുവരെ നേടിയത് 30.5 കോടിയാണ്. വിഷു കഴിഞ്ഞെങ്കിലും ഈസ്റ്ററും ഒപ്പം തുടരുന്ന വേനലവധിയുമെല്ലാം ചേർന്ന് വിഷു റിലീസുകളുടെ ലൈഫ് ടൈം കളക്ഷൻ എത്ര പോവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം ഇപ്പോൾ
