"ഒരു പോസ്റ്റർ പോലും ഇല്ലാത്ത സിനിമ, ഒരു സിനിമക്കും ഈ ഗതി വരരുത്..!" : വിൻസി അലോഷ്യസ്

google news
dsh

നല്ല സിനിമയെന്ന് പ്രേക്ഷകാഭിപ്രായം നേടി "രേഖ" മുന്നേറുമ്പോൾ വലിയ തീയറ്ററുകളും ഷോകളുടെ എണ്ണവും കുറവായത് കുടുതൽ ആളുകളിലേക്ക് സിനിമ എത്തുന്നതിന് തടസ്സമായി മാറുന്നു . ഇപ്പോൾ തങ്ങളുടെ നിസഹായവസ്ഥ പങ്കു വെച്ചു കൊണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിലാലുവും വിൻസി അലോഷ്യസും സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പാണ് വൈറൽ ആകുന്നത്.

"ഞങ്ങളുടെ സിനിമ 'രേഖ' വലിയ തീയേറ്ററുകളോ ഷോസ് ഒന്നും ഇല്ല,ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ ,ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ, സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു ,വല്യ സ്റ്റാർ CAST ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു. ഇനി നിങ്ങളുടെ കയ്യിലാണ്. ഉള്ള തിയേറ്ററിൽ ഉള്ള ഷോസ്(1SHOW ) അത് കാണാൻ ശ്രമിക്കണം ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല . നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു..."എന്നാണ് ഉണ്ണി ലാലു കുറിച്ചത്. "ഒരു പോസ്റ്റർ പോലും ഇല്ലാത്ത സിനിമ അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും . കളിക്കുന്ന തിയേറ്ററിൽ പോലും പോസ്റ്റർ ഇല്ല , ഒരു സിനിമക്കും ഈ ഗതി വരരുത്.." എന്ന് ചിത്രത്തിലെ നായിക വിൻസിയും സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഈ പോസ്റ്റിന് കീഴെയും സിനിമയിലെ മറ്റു താരങ്ങളെയും ടെക്നീഷ്യൻമാരെയും മെൻഷൻ ചെയ്തു കൊണ്ടും   സിനിമ കാണാൻ വഴിയില്ലെന്നും തങ്ങളുടെ നാട്ടിൽ റിലീസ് ഇല്ല എന്നൊക്കെയുള്ള കമന്റുകൾ വരുന്നുണ്ട്. ജിതിൻ ഐസക്ക് തോമസ് സംവിധാനം നിർവ്വഹിച്ച രേഖ മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ്. വിൻസി അലോഷ്യസിന്റെയും ഉണ്ണിലാലുവിന്റെയും മറ്റു സഹതാരങ്ങളുടെയും മികച്ച പ്രകടനവും സംവിധാന മികവുമാണ് സിനിമയെ മികച്ചതാക്കി മാറ്റുന്നത്. കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ് അവതരിപ്പിക്കുന്ന "രേഖ" യിൽ പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ,  പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു താരങ്ങൾ. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. 

സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് 'രേഖ'യും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് "രേഖ" തിയേറ്ററുകളിൽ എത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം. ദി എസ്കേപ് മീഡിയം. മിലൻ വി എസ്, നിഖിൽ വി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.   രോഹിത് വി എസ് വാര്യത്താണ് എഡിറ്റർ. കൽരാമൻ, എസ്.സോമശേഖർ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. അസ്സോസിയേറ്റ് നിർമ്മാതാക്കൾ- തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം- വിപിൻ ദാസ്, മേക്ക് ആപ്പ് - റോണി വെള്ളത്തൂവൽ, ബിജിഎം- അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ്- അനന്ദു അജിത്, പി.ആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ- ആശിഷ് ഇല്ലിക്കൽ.

Tags