‘കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ള നടന്മാരിലൊരാളാണ് വിനായകന്‍ സാര്‍' ; ഗൗതം വാസുദേവന്‍ മേനോന്‍

കൈകാര്യം ചെയ്യാന്‍ ഏറ്റവും പ്രയാസമുള്ള താരങ്ങളില്‍ ഒരാളാണ് വിനായകനെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. പല സീനുകളിലും വിനായകന് വിക്രം മേക്കപ്പ് ചെയ്തു കൊടുത്തിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. പുതിയ ചിത്രമായ ‘ധ്രുവനച്ചത്തിരം’ എന്ന സിനിമയുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ള നടന്മാരിലൊരാളാണ് വിനായകന്‍ സാര്‍. കാരണം കഥാപാത്രത്തിന്റെ സ്‌റ്റൈല്‍, വേഷം, ഞാന്‍ എന്താണ് ആ കഥാപാത്രത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന മൂഡ് എന്നെല്ലാം വിശദമായി അദ്ദേഹത്തിന് അറിയണം. വിനായകന്‍ സാറിന്റെ പ്രകടനത്തില്‍ വിക്രം സാര്‍ ഓക്കെയാകണം, താന്‍ നിഴലിലായിപ്പോയെന്ന ചിന്തയുണ്ടാകാനും പാടില്ല. പക്ഷേ വിക്രം സാര്‍ വളരെ കൂള്‍ ആയിരുന്നു. പല സീനുകളിലും സ്‌പോട്ടില്‍ ഇരുന്ന് അദ്ദേഹത്തിന് വിക്രം സര്‍ മേക്കപ്പ് ചെയ്തുകൊടുക്കുക പോലുമുണ്ടായി. വിനായകന്‍ സാറിന് പരിക്കുപറ്റിയ ഒരു സംഘട്ടന രംഗത്തില്‍ ‘അത് ഇങ്ങനെ ചെയ്യാം’ എന്നൊക്കെ പറഞ്ഞ് ഇരുവരും ചര്‍ച്ചകളൊക്കെ നടത്തി. എല്ലാവരേയും ഒരുമിച്ച് കാണുന്നത് തന്നെ നല്ലൊരു അനുഭവമായിരുന്നു.
വിനായകന്‍ സാറിനെ ഇത്രയും സ്‌റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും മാനറിസവുമൊക്കെ മികച്ചതായിരുന്നു. ദിവ്യ ദര്‍ശിനിയാണ് വിനായകന്റെ കാര്യം പറയുന്നത്. ഒരു വില്ലനെ തേടിക്കൊണ്ടിരിക്കുമ്പോഴാണ് വിനായകന്‍ മികച്ചയാളാണെന്നും സിനിമ കണ്ടുനോക്കാനും പറയുന്നത്. ഈ സിനിമ അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ്. ഇക്കാര്യം അദ്ദേഹത്തിന് അറിയാമോ എന്നത് സംശയമാണ്. ഈയടുത്ത് അദ്ദേഹം ഡബ്ബ് ചെയ്തിട്ട് പോയിരുന്നു. പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ ഒരു ദിവസം കൂടി വേണമായിരുന്നു. എന്നാല്‍ അദ്ദേഹത്തെ കിട്ടിയില്ല. ഞാന്‍ ഫോണില്‍ വിനായകന്‍ സാറിന് ഒരു മെസേജ് അയച്ചു, ‘സര്‍, നിങ്ങള്‍ ഈ സിനിമയില്‍ എന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് താങ്കള്‍ക്ക് അറിയില്ല. പക്ഷേ ഈ സിനിമ പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലാകും’ വിക്രം സാറിനെ നായകനായി കിട്ടിയത് എന്റെ ഭാഗ്യമാണ്’, എന്നും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്’ധ്രുവനച്ചത്തിരം’. വിക്രമിനൊപ്പം വിനായകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആറ് വര്‍ഷം നീണ്ട ഷൂട്ടിങ്ങിനൊടുവിലാണ് ചിത്രം പൂര്‍ത്തിയായത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും പാട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. റിതു വര്‍മയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. പാര്‍ത്ഥിപന്‍, മുന്ന, സിമ്രാന്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍. നവംബര്‍ 24-ന് ചിത്രം തിയേറ്ററുകളിലെത്തും.