അന്താരാഷ്ട്ര എമ്മി വേദിയിൽ ഇന്ത്യയുടെ അഭിമാനമാകാൻ വിജയ് സേതുപതി ; പുതിയ നേട്ടം തമിഴ് സിനിമയ്ക്ക്
തമിഴ് സിനിമയിലെ ശ്രദ്ധേയ നടൻ വിജയ് സേതുപതി അന്താരാഷ്ട്ര ടെലിവിഷൻ പുരസ്കാര വേദിയിൽ പുതിയ നേട്ടം സ്വന്തമാക്കാനൊരുങ്ങുന്നു. 54-ാമത് ഇന്റർനാഷണൽ എമ്മി അവാർഡ് ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുന്ന അവതാരകരിൽ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. നവംബർ 23-ന് ന്യൂയോർക്കിലാണ് ചടങ്ങ് നടക്കുന്നത്. ഈ വേദിയിൽ പുരസ്കാരം സമ്മാനിക്കുന്ന ആദ്യ ഇന്ത്യൻ വ്യക്തിയെന്ന നേട്ടവും ഇതിലൂടെ അദ്ദേഹത്തിന് ലഭിക്കും.
വിവിധ ഭാഷകളിലും വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളിലും അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വിജയ് സേതുപതി. തമിഴ് സിനിമയ്ക്കപ്പുറം മലയാളം, ഹിന്ദി ഉൾപ്പെടെയുള്ള സിനിമാ മേഖലകളിലും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ സ്വാഭാവികമായ അവതരണവും അഭിനയത്തിലെ വൈവിധ്യവുമാണ് അദ്ദേഹത്തെ മറ്റ് താരങ്ങളിൽനിന്ന് വ്യത്യസ്തനാക്കുന്നത്. അന്താരാഷ്ട്ര വേദിയിൽ ലഭിച്ച ഈ അവസരം അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയമായൊരു അധ്യായമാണ്.
ഇത്തവണത്തെ ഇന്റർനാഷണൽ എമ്മി പുരസ്കാരങ്ങളിൽ ഇന്ത്യയ്ക്ക് മറ്റ് നേട്ടങ്ങൾക്കും സാധ്യതയുണ്ട്. സോണിലിവിലെ 'റിയൽ കശ്മീർ ഫുട്ബോൾ ക്ലബ്' മികച്ച ഡ്രാമ സീരീസ് വിഭാഗത്തിലും വിര ദാസിന്റെ 'ഫൂൾ വോള്യം' മികച്ച കോമഡി സീരീസ് വിഭാഗത്തിലും നാമനിർദേശം നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമയുടെയും ടെലിവിഷൻ മേഖലയുടെയും അന്താരാഷ്ട്ര സാന്നിധ്യം കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിൽ വിജയ് സേതുപതിയുടെ പങ്കാളിത്തം ഏറെ പ്രാധാന്യമർഹിക്കുന്നു.
.jpg)

