മകളുടെ വിയോഗ ശേഷം വിജയ് ചെരുപ്പ് ധരിച്ചിട്ടില്ല ; വൈകാരികമായ കാരണം വെളിപ്പെടുത്തി ഭാര്യ

vijay

മകളുടെ വിയോഗത്തിന് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഒരു പൊതുവേദിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണി ചെരുപ്പ് ധരിക്കാതിരിക്കുന്നതിന് പിന്നിലെ വൈകാരികമായ കാരണം വെളിപ്പെടുത്തി ഭാര്യയും നിര്‍മാതാവുമായ ഫാത്തിമ വിജയ് ആന്റണി. മൂത്ത മകള്‍ മീരയുടെ മരണത്തിന് പിന്നാലെയാണ് വിജയ് ആന്റണി ഈ തീരുമാനമെടുത്തതെന്ന് ഫാത്തിമ പറഞ്ഞു. മകളുടെ വിയോഗത്തിന് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഒരു പൊതുവേദിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കോളേജില്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്ന മീരയ്ക്കായി അമേരിക്ക, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നടക്കം നിരവധി ജോഡി ചെരുപ്പുകള്‍ വാങ്ങിനല്‍കിയിരുന്നു. എന്നാല്‍ മകള്‍ ഉപയോഗിക്കാതെ ഉപേക്ഷിച്ച ആ ചെരുപ്പുകള്‍ വീട്ടില്‍ അതേപടി കിടക്കുന്നത് വിജയ് ആന്റണിയെ ഏറെ വേദനിപ്പിച്ചു. അവ കണ്ടതോടെയാണ് ജീവിതത്തില്‍ ഇനി ചെരുപ്പ് ധരിക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചതെന്ന് ഫാത്തിമ വെളിപ്പെടുത്തി.

സംഗീത പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമാണ് വിജയ് ആന്റണി ചെരുപ്പ് ധരിക്കുന്നത്. പരിപാടി കഴിഞ്ഞാലുടന്‍ അവ അഴിച്ചുമാറ്റുമെന്നും ഫാത്തിമ പറഞ്ഞു. മകളുടെ വിയോഗത്തിന് പിന്നാലെ വിലകൂടിയ റാഡോ, റോളക്‌സ് ഉള്‍പ്പെടെയുള്ള വാച്ചുകളും വിജയ് ആന്റണി ഉപേക്ഷിച്ചു. പകരം മീര അവസാനമായി ഉപയോഗിച്ചിരുന്ന വാച്ചാണ് ഇപ്പോള്‍ അദ്ദേഹം ധരിക്കുന്നത്. മകള്‍ക്കായി വാങ്ങിനല്‍കിയ ഏകദേശം 4,000 രൂപ വിലയുള്ള വാച്ച് മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ഫാത്തിമ വ്യക്തമാക്കി.

Tags