ജനനായകന് തടസ്സങ്ങളുണ്ടായേക്കുമെന്ന് നിര്‍മ്മാതാവിനോട് വിജയ് ആദ്യമേ മുന്നറിയിപ്പ് നല്‍കിയിരുന്നു ; ചന്ദ്രശേഖര്‍

sa Chandrasekhar

മലേഷ്യയില്‍ നടന്ന ഓഡിയോ ലോഞ്ചിനിടെ നിര്‍മാതാവിനോട് പറഞ്ഞിരുന്നതായും എസ്എ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ മനസുതുറന്നു.

അപ്രതീക്ഷിത തിരിച്ചടികളാണ് വിജയ് ചിത്രം 'ജനനായകന്' സംഭവിക്കുന്നത്. സിനിമയുടെ സുപ്രധാന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. സിനിമയുടെ റിലീസിന് തടസങ്ങളുണ്ടാകുമെന്ന് വിജയ് മുന്‍കൂട്ടിക്കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വിജയ്യുടെ അച്ഛനും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍. ഇക്കാര്യം വിജയ് മലേഷ്യയില്‍ നടന്ന ഓഡിയോ ലോഞ്ചിനിടെ നിര്‍മാതാവിനോട് പറഞ്ഞിരുന്നതായും എസ്എ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ മനസുതുറന്നു.
'പ്രശ്‌നങ്ങള്‍ പ്രതീക്ഷിച്ചില്ല എന്ന് പറയരുത്. നോക്കൂ, ഞാന്‍ രാഷ്ട്രീയത്തിലേക്ക് പോകുമ്പോള്‍ നിങ്ങള്‍ ഒരു സിനിമ ചെയ്യുന്നു. ചിത്രത്തിന് നേരിടേണ്ടി വരുന്ന തടസ്സങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ബോധമുണ്ടെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് അതില്‍ കുഴപ്പമില്ലേ?' എന്നാണ് വിജയ് ജനനായകന്റെ നിര്‍മാതാവിനോട് ചോദിച്ചത്. തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇത് നന്നായി പ്രതീക്ഷിച്ചിരുന്നു. ഞങ്ങള്‍ അത്ഭുതപ്പെടുന്നില്ല. യാതൊരു തടസ്സവുമില്ലാതെ ചിത്രം പുറത്തിറങ്ങിയിരുന്നെങ്കില്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടേനെ', ചന്ദ്രശേഖര്‍ പറയുന്നു.
നേരത്തെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സിനിമയുടെ റിലീസ് നടക്കാതിരുന്നത്. ഇതിനിടെ സിനിമ ചോര്‍ന്നതും വലിയ പ്രശ്ങ്ങള്‍ക്ക് വഴിവച്ചു. മൂന്ന് മണിക്കൂര്‍ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇന്‍ട്രോയുടെ ക്ലൈമാക്സും അടക്കമുള്ള രംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.

Tags