വിഘ്‍നേശ് ശിവൻ സംവിധാനം ചെയുന്ന അജിത്ത് ചിത്രം ജനുവരിയില്‍ തുടങ്ങും

വിഘ്‍നേശ് ശിവൻ അജിത്തിനെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘എകെ 62’ എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റെ നിര്‍മാണം തുടങ്ങുകയാണ് എന്നാണ് പുതിയ വാര്‍ത്ത. ജനുവരി 17ന് ചിത്രത്തിന് തുടക്കമാകും എന്നാണ് വാര്‍ത്തകള്‍. അനിരുദ്ധ രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷ നായികയാകുമെന്നും വാര്‍ത്തകളുണ്ട്.
അജിത്ത് നായകനാകുന്ന ‘തുനിവ്’ എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസില്‍ ഒന്നാമത് എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എച്ച് വിനോദ് തന്നെയാണ് തിരക്കഥയും. ‘തുനിവ്’ റിലീസ് തയ്യാറായിരിക്കുമ്പോള്‍ മറ്റൊരു ചിത്രവും അജിത്തിന്റേതായി ചര്‍ച്ചയില്‍ നിറയുകയാണ്.
അജിത്ത് നായകനായി മറ്റ് ചില ചിത്രങ്ങളെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ സജീവമായുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നാണ് ഒരു റിപ്പോര്‍ട്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.