മലയാള സിനിമയിലെ മുതിർന്ന നിർമ്മാതാവും വിതരണക്കാരനുമായ ജിയോ കുട്ടപ്പൻ അന്തരിച്ചു
മലയാള സിനിമയിലെ മുതിർന്ന നിർമ്മാതാവും വിതരണക്കാരനുമായ ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ – 90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 19 – ന് പുലർച്ചെ 1:30-ഓടെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം. 90-ാം പിറന്നാൾ ആഘോഷിക്കാൻ കുടുംബം തയ്യാറെടുക്കവെയാണ് വേർപാട്. ആദ്യകാല സിനിമാ വിതരണക്കാരനായ എൻ.എക്സ്. ജോർജിന്റെ മകനാണ്. സംസ്കാരം ഓഗസ്റ്റ് 20 – ന് ഇടപ്പള്ളി പൈപ്പ്‌ലൈൻ റോഡ് മേരി ക്യൂൻസ് പള്ളി സെമിത്തേരിയിൽ നടക്കും.
മലയാള സിനിമയുടെ ശൈശവ കാലഘട്ടം മുതൽ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ജിയോ കുട്ടപ്പൻ. ഉദയാ, മെറിലാൻഡ് സ്റ്റുഡിയോകൾ സജീവമാകുന്നതിന് മുൻപ് തന്നെ അദ്ദേഹം സിനിമാമേഖലയിലുണ്ടായിരുന്നു. ജിയോ പിക്‌ചേഴ്‌സ് ബാനറിൽ ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. ഐ.വി. ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഇനിയും പുഴയൊഴുകും’, ‘ഏഴാം കടലിനക്കരെ’, ‘മീൻ’, ‘ഈനാട്’, ‘ഇനിയെങ്കിലും’, ‘ഇത്രയും കാലം’ തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾ അദ്ദേഹത്തിന്റെ നിർമ്മാണത്തിലുള്ളവയാണ്.
ഇതിനുപുറമെ ജെ. ശശികുമാറിന്റെ ‘മിനിമോൾ’, എം. കൃഷ്ണൻ നായരുടെ ‘രജനീഗന്ധി’, ഭദ്രന്റെ ‘ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ’, മണിരത്നം സംവിധാനം ചെയ്ത മലയാള ചിത്രം ‘ഉണരൂ’ തുടങ്ങിയ സിനിമകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 1939 മുതൽ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സിൽ അംഗമായിരുന്ന അദ്ദേഹം ആറ് വർഷം കേരള ഫിലിം ചേംബർ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ഏഴ് പതിറ്റാണ്ടിന്റെ ചരിത്രം പറയുന്ന ‘സിനിമയും ഞാനും – 70 വർഷങ്ങൾ’ എന്ന ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു.
.jpg)

