മലയാളം പഠിച്ച് മലയാളം മിഷൻ പരീക്ഷയെഴുതി 'വേല'യിലെ നായിക

ചെന്നൈ: മലയാളഭാഷയോടുള്ള ഇഷ്ടംപരീക്ഷയെഴുതി തെളിയിച്ചിരിക്കുകയാണ് വേല'യിലെ നായിക നമൃത. മറുനാടൻ മലയാളികളെ മാതൃഭാഷ പഠിപ്പിക്കുന്ന കേരള സർക്കാരിന്റെ മലയാളംമിഷൻ ക്ലാസിൽ ചേർന്നാണ് തമിഴ്‌നാട്ടുകാരിയായ നമൃത മലയാളം പഠിച്ചത്. ഞായറാഴ്ച ചെന്നൈയിൽ മലയാളംമിഷൻ പരീക്ഷ എഴുതിയ നമൃത ആത്മവിശ്വാസത്തോടെയാണ് ഫല പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ 'വേല' എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിച്ചാണ് നമൃത മലയാളസിനിമയിൽ തുടക്കം കുറിച്ചത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായശേഷം മലയാള ഭാഷാപഠനത്തിലും ഹരിശ്രീ കുറിക്കാൻ തീരുമാനിക്കുകയായിരുന്നു. തമിഴും മലയാളവും തമ്മിൽ സാമ്യമുള്ളതിനാൽ പഠനം വേഗത്തിലായിരുന്നു.
ഒരു വർഷം പൂർത്തിയാക്കുംമുമ്പു തന്നെ നന്നായി എഴുതാനും വായിക്കാനും പഠിച്ചു. മലയാളം മിഷനിലെ ആദ്യ കോഴ്‌സായ കണിക്കൊന്നയുടെ പരീക്ഷയാണ് എഴുതിയത്.