അത് തന്റെ കരിയറിലെ ആദ്യത്തെ വലിയ തിരിച്ചടിയായിരുന്നു ; മനസ്സ് തുറന്ന് വരുൺ ധവാൻ
വരുൺ ധവാൻ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഭിഷേക് വർമൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു ‘കലങ്ക്’. ധർമ്മ പ്രൊഡക്ഷൻസും നാദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റർടൈൻമെന്റും ചേർന്ന് നിർമ്മിച്ച ഈ ചിത്രം വൻ താരനിര അണിനിരന്നുവെങ്കിലും ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനത്തിനും സംഗീതത്തിനും മികച്ച അഭിപ്രായങ്ങൾ ലഭിച്ചെങ്കിലും, തിരക്കഥയിലെ പോരായ്മകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
സിനിമയുടെ പരാജയത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച വരുൺ ധവാൻ, അത് തന്റെ കരിയറിലെ ആദ്യത്തെ വലിയ തിരിച്ചടിയായിരുന്നുവെന്ന് തുറന്നുപറഞ്ഞു. അതുവരെ തുടർച്ചയായ വിജയങ്ങൾ മാത്രം സമ്മാനിച്ച കരിയറിൽ, ‘കലങ്ക്’ എന്ന ചിത്രത്തിനായി താൻ വളരെയധികം കഠിനാധ്വാനം ചെയ്തിരുന്നതിനാൽ ആ പരാജയം തന്നെ വല്ലാതെ ഉലച്ചുവെന്നും വരുൺ വ്യക്തമാക്കി. സിനിമയോട് വൈകാരികമായി താൻ ഏറെ അടുത്തിരുന്നതുകൊണ്ട് തന്നെ ആ പരാജയം ഉൾക്കൊള്ളാൻ പ്രയാസമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബോർഡർ 2 എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ 463 കോടി രൂപയുടെ വൻ വിജയം നേടിയതിന് പിന്നാലെ, ജൂൺ അഞ്ചിന് റിലീസ് ചെയ്യുന്ന ‘ഹേ ജവാനി തോ ഇഷ്ക് ഹോനാ ഹേ’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് വരുൺ ധവാൻ. പിതാവ് ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, മൃണാൾ താക്കൂർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ടിപ്സ് ഫിലിംസ് നിർമിക്കുന്ന ഈ ചിത്രം ഡേവിഡ് ധവാനും വരുണും ഒന്നിക്കുന്ന നാലാമത്തെ പ്രോജക്റ്റ് കൂടിയാണ്.
.jpg)

