‘വരവ്’ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ; ജോജുവിന്റെ ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് !
മലയാള സിനിമയിലെ മാസ് ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ ഷാജി കൈലാസും അഭിനയപ്രതിഭ ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വരവ്’ റിലീസിന് തയ്യാറെടുക്കുന്നു. സെൻസറിംഗ് നടപടികൾ പൂർത്തിയായ ചിത്രത്തിന് സെൻസർ ബോർഡ് U/A സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും കിടിലൻ ഡയലോഗുകളും നിറഞ്ഞ ഒരു പക്കാ മാസ്സ് ത്രില്ലർ ചിത്രമായിരിക്കും ‘വരവ്’ എന്നാണ് ഇതുവരെ പുറത്തുവന്ന ടീസറുകളും ട്രെയിലറും നൽകുന്ന സൂചന. ആക്ഷനൊപ്പം തന്നെ കുടുംബ പ്രേക്ഷകരെയും ആകർഷിക്കുന്ന ഘടകങ്ങൾ ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രം വൻ ക്യാൻവാസിലാണ് ഒരുക്കിയിരിക്കുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയുടെയും നിലനിൽപ്പിനായുള്ള അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. വലിയ ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് അണിയറപ്രവർത്തകർ പൂർത്തിയാക്കിയത്. ഷാജി കൈലാസിന്റെ സൂപ്പർഹിറ്റുകളായ ‘ചിന്താമണി കൊലക്കേസ്’, ‘റെഡ് ചില്ലീസ്’ എന്നീ ചിത്രങ്ങൾക്ക് പേന ചലിപ്പിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജോജു ജോർജിനൊപ്പം മലയാളത്തിലെയും തെന്നിന്ത്യയിലെയും വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. രാഹുൽ റെജി, ജോമി ജോസഫ് പുളിങ്കുന്ന് എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. വിഷ്വൽസിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ മാസ് ചിത്രം തിയേറ്ററുകളിൽ വലിയൊരു ദൃശ്യവിരുന്ന് തന്നെ സമ്മാനിക്കുമെന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ.
.jpg)

