'ഉര്‍വശി മലയാളത്തിന്റെ അല്‍ പച്ചീനോ'; പുതിയ ചിത്രം 'ആശ'യെ പുകഴ്ത്തി എം എ നിഷാദ്

urvashi

വിരസമാകുമെന്ന് തോന്നുന്ന നിമിഷങ്ങള്‍ പോലും സംവിധായകന്റെ ക്രാഫ്റ്റിലും ഉര്‍വ്വശിയുടെ പ്രകടനത്തിലും പ്രേക്ഷകരുടെ ശ്രദ്ധ സിനിമയില്‍ നിന്നും മാറാതെ അവരെ അതില്‍ ലയിപ്പിച്ചു..

ഉര്‍വശിയും ജോജു ജോര്‍ജ്ജും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തിയ 'ആശ' തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുന്നതിനിടെ ഉര്‍വശിയെ കുറിച്ച് സംവിധായകന്‍ എം എ നിഷാദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുന്നു. 'ഉര്‍വശി മലയാളത്തിന്റെ അല്‍ പച്ചീനോ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.

എം എ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

'ഉര്‍വശി മലയാളത്തിന്റെ അല്‍ പച്ചീനോ... അല്‍ഫ്രെദോ ജയിംസ് അല്‍ പച്ചീനോ എന്ന വിശ്വ വിഖ്യാതനായ നടനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോക പ്രശസ്തനായ അമേരിക്കന്‍ ആക്റ്റര്‍. ദ ഗോഡ് ഫാദര്‍, സ്‌കാര്‍ഫേസ്, സെന്റെ ഓഫ് എ വുമണ്‍, ഏഞ്ചല്‍സ് ഇന്‍ അമേരിക്ക പോലെയുളള ചിത്രങ്ങളിലെ പ്രകടനത്തിന് ഒരേ സമയം പ്രേക്ഷക പ്രശംസയും പുരസ്‌ക്കാരങ്ങളും നേടിയ അഭിനേതാവ്.

സൂക്ഷ്മാഭിനയത്തിന്റെ താളലയങ്ങളില്‍ ലോകത്തെ വിസ്മയിപ്പിച്ച നടന്‍. ഇങ്ങ് നമ്മുടെ കൊച്ച് കേരളത്തില്‍ സ്വാഭാവിക അഭിനയത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന നമ്മുടെ മാത്രം ഉര്‍വശി, അല്‍ പച്ചീനയുടെ വെളളിത്തിരയിലെ പ്രകടനത്തെ ഓര്‍മ്മപ്പെടുത്തുന്നു 'ആശ' എന്ന ചിത്രത്തിലൂടെ. എല്ലാ വാദ്യങ്ങളും ചെണ്ടക്ക് താഴെ, എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന പ്രകടനം...
അതെ ഉര്‍വ്വശിയോളം, ഉര്‍വ്വശി മാത്രം.. അഭിനയ മോഹിയായ ഏതൊരാള്‍ക്കും പഠിക്കാന്‍ ഒരു അക്കാഡമിയിലോ, ആക്റ്റിംഗ് സ്‌ക്കൂളിലോ പോകണ്ട...സ്‌ക്രീനില്‍ ഉര്‍വ്വശിയുടെ കഥാപാത്രങ്ങള്‍ കണ്ട് മനസ്സിലാക്കിയാല്‍ മാത്രം മതി... ആശ പൂര്‍ണ്ണമായും ഒരു ഉര്‍വ്വശി ചിത്രമാണ്..

ജോജുവും,ഐശ്വര്യ ലക്ഷ്മിയും അവരവരുടെ ഭാഗം മികച്ചതാക്കി എന്നുളള സത്യം വിസ്മരിക്കുന്നില്ല...

വിരസമാകുമെന്ന് തോന്നുന്ന നിമിഷങ്ങള്‍ പോലും സംവിധായകന്റെ ക്രാഫ്റ്റിലും ഉര്‍വ്വശിയുടെ പ്രകടനത്തിലും പ്രേക്ഷകരുടെ ശ്രദ്ധ സിനിമയില്‍ നിന്നും മാറാതെ അവരെ അതില്‍ ലയിപ്പിച്ചു..
സഫര്‍ സനല്‍ എന്ന സംവിധായകനും,അജിത് വിനായക എന്ന നിര്‍മ്മാതാവിനും അഭിമാനിക്കാവുന്ന ചിത്രം...ആശ നല്‍കുന്ന സന്ദേശം മലയാളത്തിന് മാത്രമല്ല ലോകമെമ്പാടുമുളള പ്രേക്ഷര്‍ക്കാണ്...ഒരു നായികാ പ്രാധാന്യമുളള ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നി...അത് ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയല്ല മറിച്ച് മികച്ച,അഭിനേത്രിയെന്ന ഒറ്റ പേരിലാണ്..അതെ അത് ഉര്‍വ്വശിയാണ്...അവരെ മലയാളത്തിന്റെ അല്‍ പച്ചീനോ, എന്ന് വിളിക്കാനാണ്, ഞാനിഷ്ടപ്പെടുന്നത്', നിഷാദ് കുറിച്ചിരിക്കുകയാണ്.

Tags