‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ റിലീസ് തീയതി പ്രഖ്യാപിച്ചു

donttrouble

 ഫഹദ് ഫാസിൻ്റെ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. ‘പ്രേമലു’ എന്ന ചിത്രത്തിന്റെ വിതരണത്തിലൂടെ ശ്രദ്ധേയനായ എസ്.എസ്. കാർത്തികേയ, ശോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ഷോവിങ് ബിസിനസ്സ്, ആർക്കാ മീഡിയ വർക്ക്‌സ് എന്നിവയുടെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫാന്റസിയും തമാശയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും നിറഞ്ഞ ഒരു പുതിയ സിനിമാനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക.

ഒരു കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന്റെ വേറിട്ട ലുക്കോടെയാണ് കൗതുകമുണർത്തുന്ന ടീസർ ആരംഭിക്കുന്നത്. കുട്ടിയുമൊത്തുള്ള രസകരമായ നിമിഷങ്ങൾക്ക് ശേഷം, അവളെ അപ്രത്യക്ഷയാക്കുന്ന ഒരു വലിയ മാജിക് കാണിക്കാമെന്ന് ഫഹദ് വാഗ്ദാനം ചെയ്യുന്നതോടെ കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ടീസറിലുള്ളത്. ഫഹദിന്റെ പതിവ് ശൈലിയിൽ നിന്നുമുള്ള മാറ്റവും തമാശ നിറഞ്ഞ അഭിനയവും ബാലതാരത്തിന്റെ മനോഹരമായ പ്രകടനവുമാണ് ടീസറിന്റെ പ്രധാന ആകർഷണം.

പ്രശസ്ത സംഗീത സംവിധായകൻ കാല ഭൈരവ ഒരുക്കിയ പശ്ചാത്തല സംഗീതവും ദൃശ്യഭംഗി നിറഞ്ഞ മികച്ച ഛായാഗ്രഹണവും ടീസറിന്റെ മാറ്റ് കൂട്ടുന്നുണ്ട്. റിലീസിന് മുൻപ് തന്നെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞ ഈ ഫാന്റസി വിനോദ ചിത്രം വരും മാസങ്ങളിൽ കൂടുതൽ വിശേഷങ്ങൾ പുറത്തുവിടും. ഏറെ പ്രതീക്ഷയോടെ സിനിമാലോകം കാത്തിരിക്കുന്ന ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Tags