സോഷ്യൽ മീഡിയയിൽ വൈറലായി തൃഷയുടെ സ്വാതന്ത്ര്യദിന ലുക്ക്
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ തിളങ്ങി നടി തൃഷ. പ്രശസ്ത ഡിസൈനർമാരുടെ വസ്ത്രങ്ങൾ മാറ്റിവെച്ച്, അമ്മയുടെ പഴയ മഞ്ഞ ക്രേപ്പ് സിൽക്ക് സാരി അണിഞ്ഞെത്തിയ തൃഷയുടെ ലളിതമായ ശൈലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചടങ്ങിനായുള്ള മേക്കപ്പ് താരം സ്വയം ചെയ്തതാണെന്ന വെളിപ്പെടുത്തലും ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ എത്തിയത്. ഫ്‌ലോറൽ ബോർഡറോട് കൂടിയ മഞ്ഞ സാരിക്ക് ഇണങ്ങും വിധം പച്ച നിറത്തിലുള്ള ബ്ലൗസും, പച്ച സ്റ്റോൺ പതിച്ച കുന്ദൻ ജിമിക്കിയുമാണ് താരം ധരിച്ചിരുന്നത്. മുല്ലപ്പൂ ചൂടിയ ഫിഷ്‌ടെയ്ൽ ബ്രെയ്ഡ് ഹെയർസ്‌റ്റൈലും ലളിതമായ മേക്കപ്പും ലുക്കിന് കൂടുതൽ പ്രൗഢി പകർന്നു. കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ ഏക ലഖാനിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്. പ്രമുഖ ജ്വല്ലറിയായ ജിആർടി ജ്വല്ലേഴ്സിന്റെ ആഭരണങ്ങളാണ് തൃഷ അണിഞ്ഞിരുന്നത്.
ചടങ്ങിൽ മുഖ്യമന്ത്രി വിജയ്യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പം മുൻനിരയിലാണ് തൃഷയ്ക്ക് ഇരിപ്പിടമൊരുക്കിയിരുന്നത്. മുഖ്യമന്ത്രിയായ വിജയ്യെ തൃഷ സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിക്കഴിഞ്ഞു. ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയ ജോഡിയായ ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്തുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ സ്വാതന്ത്ര്യദിനാഘോഷത്തിലും കുടുംബത്തോടൊപ്പം തൃഷ സാന്നിധ്യമറിയിച്ചതോടെ ഗോസിപ്പ് കോളങ്ങളിലും ഈ ലുക്ക് വലിയ ശ്രദ്ധ നേടുന്നുണ്ട്.
.jpg)

