ഷെയ്ൻ നിഗം ചിത്രം 'ദൃഢം' ത്തിന്റെ ട്രെയിലർ പുറത്ത്
ഷെയ്ൻ നിഗം പൊലീസ് വേഷത്തിലെത്തുന്ന 'ദൃഢം' സിനിമയുടെ ട്രെയിലർ പുറത്ത്. കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാൾ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടർ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലർ നൽകിയിരിക്കുന്നത്.
'കൊറോണ പേപ്പേഴ്സി'നും 'വേല'ക്കും ശേഷം വീണ്ടും വേറിട്ട ഒരു പൊലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്നതാണ് ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷെയ്ൻ എത്തുന്നത്. പവർഫുൾ ആയ ഒരു ഹീറോ കോപ്പിനെയല്ല ഈ ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മറിച്ച്, സാഹചര്യങ്ങളെ ഒറ്റക്ക് നേരിടാനും കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പൊലീസുകാരനെയാണ്. ജോലിയിലെ പുതുമുഖമായ നായകൻ ചില തെറ്റുകൾ വരുത്തുന്നതും അതിലൂടെ കാര്യങ്ങൾ പഠിച്ചെടുക്കുകയും ചെയ്യുന്നതും ഉത്തരവാദിത്തങ്ങളും മാനസിക സമ്മർദങ്ങളും ഒരാളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും ചർച്ച ചെയ്യുന്നതാണ് ചിത്രം എന്നാണ് ലഭിക്കുന്ന സൂചനകൾ.
തികച്ചും റിയലിസ്റ്റിക്കായ രീതിയിൽ ഒരു വ്യക്തിയുടെ യാത്രയെ ആണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലളിതവും സത്യസന്ധവുമായ ഒരു ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് തങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്ന ഒട്ടേറെ നിമിഷങ്ങൾ ഈ സിനിമയിലുണ്ടാകും എന്ന് ട്രെയിലർ അടിവരയിടുന്നുണ്ട്. ചില സമയങ്ങളിൽ കൃത്യമായ ഉത്തരങ്ങളില്ലാതെ, ചോദ്യങ്ങൾക്ക് മുന്നിൽ പതറിപോകുന്ന, എന്നാൽ എല്ലാ പ്രതിസന്ധിയിലും പൊരുതി മുന്നേറുന്ന ഒരു വ്യക്തിയുടെ ജീവിതയാത്രയായാണ് 'ദൃഢം' പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്.
.jpg)


