‘ടോക്സിക്’ തിയേറ്ററുകളിലേക്ക്

Only 100 days left for release: New poster of Yash's Toxic directed by Geethu Mohandas released

 ‘കെ.ജി.എഫ്’ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ ഓഗസ്റ്റ് 26ന് തിയേറ്ററുകളിലേക്ക്. യഷ് ഇരട്ട വേഷത്തിലെത്തുന്നു എന്ന സൂചന നൽകുന്ന ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിട്ടുണ്ട്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ തുടങ്ങി വമ്പൻ വനിതാ താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യും. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ സംഗീതസംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന് കേച ഖംഫാക്ഡി, അൻപറിവ് എന്നിവർക്കൊപ്പം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയാണ് സാഹസികമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ. നാരായണയും യഷും ചേർന്ന് നിർമ്മിക്കുന്ന ടോക്സിക്, രാജ്യാന്തര തലത്തിലുള്ള സിനിമാപ്രേമികളെ ലക്ഷ്യമിട്ടാണ് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. ‘റായ’ എന്ന കേന്ദ്ര കഥാപാത്രമായുള്ള യഷിന്റെ സാന്നിധ്യം സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ പതിന്മടങ്ങായി വർദ്ധിപ്പിച്ചിട്ടുണ്ട്.

Tags