പ്രതീക്ഷിക്കാത്ത തിരിച്ചടി, മാനസികമായി തളർത്തിയ ദിവസങ്ങൾ ; 'ടോക്സിക്' പരാജയത്തിൽ കിയാര

kiara

വമ്പൻ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയിട്ടും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയ ചിത്രമാണ് യഷും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളായെത്തിയ 'ടോക്സിക്'. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറിന് റിലീസ് ദിനം മുതൽ തന്നെ കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടിവന്നത്. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിനെതിരെ നെഗറ്റീവ് പ്രതികരണങ്ങളും സൈബർ വിമർശനങ്ങളും വ്യാപകമായി ഉയർന്നു. സിനിമയിലെ ചില രംഗങ്ങൾ പുരുഷാധിപത്യ ചിന്താഗതിയെയും സ്ത്രീവിരുദ്ധ നിലപാടുകളെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവും വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ഈ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ചും താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും നടി കിയാര അദ്വാനി ആദ്യമായി പരസ്യമായി സംസാരിച്ചിരിക്കുകയാണ്. ഭർത്താവും പ്രമുഖ നടനുമായ സിദ്ധാർത്ഥ് മലോത്രക്കൊപ്പം ജനപ്രിയ ടെലിവിഷൻ ഷോയായ 'കോഫി വിത്ത് കരൺ സീസൺ 9'-ന്റെ അഞ്ചാം എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴാണ് താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. സിനിമക്ക് സമ്മിശ്ര പ്രതികരണങ്ങളും മോശം അഭിപ്രായങ്ങളും ലഭിക്കുമെന്ന് അണിയറപ്രവർത്തകർ ആരും തന്നെ കരുതിയിരുന്നില്ലെന്ന് കിയാര വ്യക്തമാക്കി.

തന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളും പ്രശംസകളും ലഭിക്കുന്നുണ്ടെങ്കിലും സിനിമ ബോക്സ് ഓഫീസിൽ തകർന്നടിയുന്നത് കാണുന്നത് ആദ്യ ദിവസങ്ങളിൽ വളരെ വേദനാജനകമായിരുന്നുവെന്ന് കിയാര പറഞ്ഞു. "ആദ്യത്തെ ദിവസം അതൊരു ഹൃദയഭേദകമായ അനുഭവമായിരുന്നു" എന്നാണ് താരം അതിനെ വിശേഷിപ്പിച്ചത്. പ്രതീക്ഷിച്ച വിജയം നേടാനാവാതെ സിനിമ കൂപ്പുകുത്തുമ്പോൾ ഒരു നടിയെന്ന നിലയിൽ താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് കിയാര പറഞ്ഞു.

Tags