നസ്‌ലെനും ഫഹദും ഫ്രീ ആയാൽ ഉടൻ തുടങ്ങും; 'ടോർപിഡോ' ത്രില്ലർ പടം: ബിനു പപ്പു


തുടരും ചിത്രത്തിന് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത സിനിമയാണ് ടോർപിഡോ. ഫഹദ് ഫാസിൽ, നസ്‌ലെൻ, ഗണപതി, അർജുൻ ദാസ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിനു പപ്പുവാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ ബിനു പപ്പു.
tRootC1469263">ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു ത്രില്ലർ സിനിമയാണ് ടോർപിഡോ എന്ന് ബിനു പപ്പു പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് നാല് അഞ്ച് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു. 'ടോർപിഡോയുടെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ടുണ്ട്. നേരത്തെ അത് തുടങ്ങിയതായിരുന്നു പക്ഷെ അത് ഇടക്ക് നിർത്തിയിട്ടാണ് തുടരും ആരംഭിച്ചത്. ഇപ്പോൾ വീണ്ടും റീസ്റ്റാർട്ട് ചെയ്തു. ലൊക്കേഷൻ ഒക്കെ തീരുമാനിച്ചുകൊണ്ടിരിക്കുന്നു. ഇനിയിപ്പോ ലൊക്കേഷൻസ് കാണാൻ പോകണം. നാല് അഞ്ച് മാസത്തിനുള്ളിൽ ഷൂട്ട് ആരംഭിക്കാമെന്നാണ് കരുതുന്നത്. നസ്‌ലെന്റെ ഉൾപ്പെടെ ഡേറ്റുകൾ സെറ്റ് ആകാൻ ഉണ്ട്. പിന്നെ ഫഹദിനെയും ഫ്രീ ആയി കിട്ടണം. ത്രില്ലർ സിനിമയാണ്. ഒരു നടന്ന സംഭവത്തിൽ നിന്ന് ഞാൻ ഉണ്ടാക്കിയ ഒരു കഥയാണ്', ബിനു പപ്പു പറഞ്ഞു.

ബിനു പപ്പുവിന്റെ രചനയിലാണ് അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ തരുൺ മൂർത്തി പറഞ്ഞിരുന്നു. ഓപ്പറേഷൻ ജാവ മുതൽ തുടരുന്ന കൂട്ടുകെട്ട് ഇനിയും തുടരുമെന്ന് ബിനു പപ്പുവും പറഞ്ഞിരുന്നു. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്. വിവേക് ഹർഷനാണ് എഡിറ്റിങ്. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും ഗോകുൽ ദാസ് ആർട്ട് ഡയറക്ടഷനും നിർവഹിക്കുന്നു.
അതേസമയം, മോഹൻലാൽ നായകനായ പുതിയ ചിത്രം തുടരും ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററിൽ മികച്ച സ്വീകാര്യത ലഭിച്ച സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. ഒടിടി റിലീസിന് പിന്നാലെ മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ ആരാധകർ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്.