ഊഹാപോഹങ്ങൾക്കൊടുവിൽ സെൻഡായയുമായുള്ള രഹസ്യവിവാഹം സ്ഥിരീകരിച്ച് ടോം ഹോളണ്ട്

Tom Holland confirms secret marriage to Zendaya after speculation

 ഹോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയജോഡികളായ ടോം ഹോളണ്ടും സെൻഡായയും രഹസ്യമായി വിവാഹിതരായി എന്ന വാർത്തയാണ് ഇപ്പോൾ ലോകമെമ്പടുമുള്ള സിനിമാപ്രേമികളെയും ആരാധകരെയും ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. മാസങ്ങളായി ഇരുവരുടെയും വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും നിരവധി ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ ഊഹാപോഹങ്ങൾക്കെല്ലാം ഒടുവിൽ വിരാമമിട്ടുകൊണ്ട്, തങ്ങൾ ഒന്നായ വിവരം സ്പൈഡർമാൻ താരം ടോം ഹോളണ്ട് തന്നെ നേരിട്ട് സ്ഥിരീകരിച്ചിരിക്കുകയാണ്.

‘എസ്‌ക്വയർ യുകെ’ മാസികയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലാണ് ടോം തന്റെ വിവാഹവാർത്ത വെളിപ്പെടുത്തിയത്. ഈ വർഷമാദ്യം ഇരുവരുടെയും ഒരു വ്യാജ എഐ വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് താരം മറുപടി നൽകിയത്. ഈ ചിത്രങ്ങൾ കണ്ട് ബന്ധുക്കൾക്ക് എന്തെങ്കിലും വിശദീകരണം നൽകേണ്ടി വന്നോ എന്ന ചോദ്യത്തിന്, “ഇല്ല, കാരണം അവരെല്ലാവരും അവിടെ ഉണ്ടായിരുന്നു” എന്നായിരുന്നു ടോമിന്റെ രസകരമായ മറുപടി. കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ “ഇത്രമാത്രമേ ഇനി ഇതിനെക്കുറിച്ച് അറിയാൻ സാധിക്കൂ” എന്ന് പറഞ്ഞ് താരം തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കുകയും ചെയ്തു.

സെൻഡായയുടെ സ്റ്റൈലിസ്റ്റായ ലോ റോച്ച് മാസങ്ങൾക്ക് മുമ്പ് ഒരു റെഡ് കാർപെറ്റ് അഭിമുഖത്തിൽ “വിവാഹം കഴിഞ്ഞു, നിങ്ങൾക്കത് നഷ്ടമായി” എന്ന് തമാശയായി പറഞ്ഞപ്പോഴാണ് ഈ ചർച്ചകൾ ശക്തമായത്. കൂടാതെ പൊതുവേദികളിൽ സെൻഡായ വിവാഹമോതിരം ധരിച്ചെത്തിയതും ആരാധകരുടെ സംശയം ഇരട്ടിയാക്കിയിരുന്നു. എഐ ചിത്രങ്ങൾ കണ്ട് ടോമിന്റെ മുത്തശ്ശി വരെ ഇവർ തങ്ങളെ അറിയിക്കാതെ കല്യാണം കഴിച്ചോ എന്ന് സംശയിച്ചിരുന്നുവത്രെ. എന്നാൽ ആ എഐ ചിത്രങ്ങൾ വ്യാജമായിരുന്നെങ്കിലും, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ യഥാർത്ഥ വിവാഹം നേരത്തെ തന്നെ നടന്നിരുന്നു എന്നാണ് ടോമിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

തന്റെ ജീവിതപങ്കാളിയെക്കുറിച്ച് ഏറെ ഹൃദ്യമായ വാക്കുകളാണ് ടോം അഭിമുഖത്തിൽ പങ്കുവെച്ചത്. “ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും അനുയോജ്യമായ വ്യക്തിയെ കണ്ടെത്തിക്കഴിഞ്ഞു. അവൾ എന്റെ ഏറ്റവും നല്ല സുഹൃത്താണ്, അവളോടൊപ്പമുള്ളപ്പോഴാണ് ഞാൻ ലോകത്തിൽ ഏറ്റവും സന്തുഷ്ടനായിരിക്കുന്നത്,” ടോം പറഞ്ഞു. ഗ്ലാമർ ലോകത്തെ സമ്മർദ്ദങ്ങൾക്കിടയിൽ പരസ്പരം മനസ്സിലാക്കാനും പിന്തുണയ്ക്കാനും തങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും, ഇത്രയും സുരക്ഷിതത്വവും സ്നേഹവും തനിക്ക് മുൻപെന്നുമേ ലഭിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.

2017-ൽ പുറത്തിറങ്ങിയ ‘സ്പൈഡർമാൻ: ഹോംകമിംഗ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ടോമും സെൻഡായയും ആദ്യമായി പരിചയപ്പെടുന്നത്. വർഷങ്ങളോളം തങ്ങളുടെ പ്രണയം രഹസ്യമാക്കി വെച്ച ഇരുവരും 2021-ലാണ് ഇത് പരസ്യപ്പെടുത്തിയത്. സിനിമയിലെ സൂപ്പർഹീറോ പ്രണയം യഥാർത്ഥ ജീവിതത്തിലും വെന്നിക്കൊടി പാറിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ലോകമെമ്പടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ.
 

Tags