‘ടൈറ്റൻസ്’ നാളെ തിയേറ്ററുകളിലേക്ക്
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ നാളെ ഒക്ടോബർ 21 ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ശക്തമായി മുന്നേറുന്നതിനൊപ്പം, സിനിമയെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും വലിയ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോമഡി, ഫാന്റസി, ത്രില്ലർ തുടങ്ങി വിനോദത്തിന്റെ വ്യത്യസ്ത ഘടകങ്ങൾ ഒരുമിപ്പിക്കുന്ന ചിത്രത്തിന് സെൻസറിങ്ങിൽ യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
‘എബ്രഹാം ഓസ്ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിക്കുന്ന ഈ സിനിമ, പ്രേക്ഷകർക്ക് തിയേറ്ററിൽ തികച്ചും വ്യത്യസ്തമായൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
‘അനുഗ്രഹീതൻ ആന്റണി’യിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നർമ്മ മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസിയുടെ കൗതുകവും ത്രില്ലിന്റെ ഉദ്വേഗവും ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ഘടകങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമ്പൂർണ്ണ എന്റർടെയ്നറായിരിക്കും ‘ടൈറ്റൻസ്’ എന്നാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ടീസറും നൽകിയ സൂചന. റിലീസിന് മുന്നോടിയായി എത്തിയ ‘ആഗോള ശൃംഖല’ എന്ന വീഡിയോ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതോടെ റിലീസ് ദിനത്തിൽ സിനിമ കാണാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പും സജീവമായിട്ടുണ്ട്. കുട്ടികൾക്കും കുടുംബപ്രേക്ഷകർക്കും യുവപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദാനുഭവമായിരിക്കും ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാജിക് ഫ്രെയിംസ് കേരളത്തിലും, ഫാർസ് ഫിലിംസ് ഓവർസീസിലും ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നു. ഛായാഗ്രഹണം വിഷ്ണു ശർമ്മയും എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം ഡോൺ വിൻസെന്റും നിർവ്വഹിച്ചിരിക്കുന്നു.
.jpg)


