മികച്ച പ്രതികരണവുമായി ‘ടൈറ്റൻസ്’ മുന്നേറുന്നു
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ ആഗോള റിലീസിന് പിന്നാലെ തിയേറ്ററുകളിൽ വമ്പൻ മുന്നേറ്റം നടത്തുന്നു. കോമഡിയും ഫാന്റസിയും ത്രില്ലും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കിയ ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജയസൂര്യയുടെയും വിനായകന്റെയും തകർപ്പൻ പ്രകടനങ്ങളും ചിത്രത്തിലെ നർമ്മരംഗങ്ങളും ഫാന്റസി ഘടകങ്ങളുമാണ് തിയേറ്ററുകളിൽ കയ്യടി നേടുന്നത്. ‘അനുഗ്രഹീതൻ ആന്റണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്.
വ്യത്യസ്തമായ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും കോമഡിയുടെയും ഫാന്റസിയുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ജയസൂര്യയും വിനായകനും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രിയും ഇരുവരും ഒന്നിച്ചെത്തുന്ന കോമഡി രംഗങ്ങളും ചിത്രത്തിന്റെ വിനോദമൂല്യത്തിന് ഏറെ കരുത്തുപകരുന്നു. നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ തിയേറ്ററിലിരുന്ന് ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫൺ റൈഡായാണ് ചിത്രം അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് നിർമ്മാണം. വിഷ്ണു ശർമ്മ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിലെ ഡോൺ വിൻസെന്റ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും വലിയ പ്രശംസ നേടുന്നുണ്ട്. മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
.jpg)


