‘തുടക്കം’ ഓഗസ്റ്റ് 7-ന് തിയറ്ററുകളിൽ എത്തും

thudakkam

 മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ‘തുടക്കം’ ഓഗസ്റ്റ് 7-ന് തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ഫൈനൽ സൗണ്ട് മിക്‌സിംഗ് ജോലികൾ പൂർത്തിയായ സന്തോഷം സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പങ്കുവെച്ചു. തന്റെ അഞ്ചാമത്തെ സ്വപ്നമായ ഈ ചിത്രം തികച്ചും സന്തോഷകരവും സമാധാനപരവുമായ ഒരു യാത്രയായിരുന്നുവെന്ന് ജൂഡ് വ്യക്തമാക്കുന്നു.

രണ്ട് മണിക്കൂറും 19 മിനിറ്റും 35 സെക്കൻഡും ദൈർഘ്യമുള്ള ഒരു ഫാമിലി ത്രില്ലറാണ് ചിത്രമെന്ന് സംവിധായകൻ ഉറപ്പുനൽകുന്നു. സിനിമ പൂർത്തിയായപ്പോൾ അണിയറപ്രവർത്തകർക്ക് ലഭിച്ച അതേ സംതൃപ്തി തിയറ്ററുകളിൽ പ്രേക്ഷകർക്കും അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ. ‘2018’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ ബിഗ് സ്‌ക്രീനിൽ കാണാൻ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഎ (U/A) സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടാതെ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Tags