‘തേന്മാവിൻ കൊമ്പത്ത്’ തിയേറ്ററിലേക്ക്
മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും മലയാളികളുടെ മനസിൽ നിന്ന് മായാത്ത ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നു. മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന എവർഗ്രീൻ ക്ലാസിക് പുതിയ സാങ്കേതിക മികവോടെയാണ് തിരിച്ചെത്തുന്നത്. പ്രിയദർശനൊപ്പം ചെയ്ത സിനിമകളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ‘തേന്മാവിൻ കൊമ്പത്ത്’ എന്ന് മോഹൻലാൽ പറഞ്ഞു. 4K ദൃശ്യ മികവിൽ ചിത്രം വീണ്ടും തിയേറ്ററിൽ കാണാൻ മാണിക്യനായി താനും എത്തുമെന്നും താരം പങ്കുവെച്ചു. ഒക്ടോബർ എട്ടിനാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത്.
1994ൽ പുറത്തിറങ്ങിയ ചിത്രം മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായി തുടരുകയാണ്. മോഹൻലാലിന്റെ മാണിക്യൻ, ശോഭനയുടെ കാർത്തുമ്പി, നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണൻ തമ്പുരാൻ എന്നിവരുൾപ്പെടെയുള്ള കഥാപാത്രങ്ങളും ഗ്രാമീണ പശ്ചാത്തലവും പ്രണയവും നർമം നിറഞ്ഞ മുഹൂർത്തങ്ങളുമാണ് ചിത്രത്തെ ഇന്നും പ്രേക്ഷകരുടെ ഓർമയിൽ നിലനിർത്തുന്നത്. പുതിയ തലമുറയ്ക്കൊപ്പം പഴയ പ്രേക്ഷകർക്കും ചിത്രം വീണ്ടും ബിഗ് സ്ക്രീനിൽ ആസ്വദിക്കാനുള്ള അവസരമാണ് റീ-റിലീസിലൂടെ ഒരുങ്ങുന്നത്.
ഒറിജിനൽ 35 എം.എം. നെഗറ്റീവ് 4Kയിൽ സ്കാൻ ചെയ്ത് സൂപ്പർ 4K നിലവാരത്തിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്താണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. കെ.വി. ആനന്ദിന്റെ ദൃശ്യങ്ങൾ കൂടുതൽ മികവോടെ ബിഗ് സ്ക്രീനിൽ കാണാനാകും. അതേസമയം ഒറിജിനൽ ചിത്രത്തിന്റെ ദൃശ്യഭാവവും സ്വഭാവവും നിലനിർത്തിക്കൊണ്ടാണ് റീമാസ്റ്ററിങ് പൂർത്തിയാക്കിയിരിക്കുന്നത്. ദൃശ്യ മികവിനൊപ്പം ഡോൾബി അറ്റ്മോസ് ശബ്ദസാങ്കേതികവിദ്യയും പുതിയ പതിപ്പിന്റെ പ്രധാന പ്രത്യേകതയാണ്. ബേണി–ഇഗ്‌നേഷ്യസിന്റെ സംഗീതം, ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ, നർമരംഗങ്ങൾ, പശ്ചാത്തല ശബ്ദങ്ങൾ എന്നിവയെല്ലാം പുതിയ ശബ്ദമിശ്രണത്തിലൂടെ കൂടുതൽ തിയേറ്റർ അനുഭവമായി മാറും.
മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ രചനയും സംവിധാനവും പ്രിയദർശനാണ്. ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്‌സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണൻ നിർമിച്ച ചിത്രം ഒക്ടോബർ എട്ടിന് ആഗോളതലത്തിൽ വീണ്ടും തിയേറ്ററുകളിലെത്തും. മാറ്റിനി നൗവും ഇ-ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് റീ-റിലീസിനായി ചിത്രം 4Kയിൽ റീമാസ്റ്റർ ചെയ്തത്. മാണിക്യനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേക്ഷകർ.
.jpg)


