പണി നടക്കുന്നുണ്ട്, ഐഡിയ എനിക്ക് ഇഷ്ടമായി അതിനി തിരക്കഥയായി മാറണം; ജന ഗണ മന 2 കുറിച്ച് പൃഥ്വിരാജ്
സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച സിനിമയാണ് ജനഗണ മന. ഡിജോ ജോസ് ആന്റണി സംവിധാനം നിര്‍വഹിച്ച സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദിന്റേതാണ്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫീസിലും വലിയ വിജയമായിരുന്നു. സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് പൃഥ്വിരാജ്.
'ജന ഗണ മനയുടെ ഷൂട്ടിംഗ് സമയത്ത് തന്നെ ഷാരിസും ഡിജോയും അതിന്റെ രണ്ടാം ഭാഗത്തിന്റെ ഐഡിയ പറഞ്ഞിരുന്നു. അങ്ങനെ ഒരു ഐഡിയ അവര്‍ പറയാതെ ഞാന്‍ വന്നിരുന്നു സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് പറയില്ലല്ലോ. ഞാന്‍ എഴുതുകയോ സംവിധാനം ചെയ്യുകയോ ചെയ്ത സിനിമ അല്ലല്ലോ അത്, നിര്‍മിക്കുക മാത്രമാണ് ചെയ്തത്. ജന ഗണ മനയുടെ രണ്ടാം ഭാഗത്തേക്കാള്‍ ഞാന്‍ അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥന്റെ കഥയുടെ തുടര്‍ച്ച എന്ന തരത്തില്‍ എന്നോട് പറഞ്ഞിരുന്നു. എന്നോട് പത്ത് മിനിറ്റ് കൊണ്ട് പറഞ്ഞ സാധനം എനിക്ക് വളരെ രസകരമായി തോന്നിയിരുന്നു. അതിനി തിരക്കഥയായി എഴുതി വരണം', പൃഥ്വി പറഞ്ഞു.
ഇതിന് മറുപടിയുമായി സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും എത്തി. സിനിമയുടെ പണി നടക്കുന്നുണ്ട് എന്നാണ് ഡിജോ പറഞ്ഞത്. സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ്, വിന്‍സി, ഷമ്മി തിലകന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമയാണ് ജന ഗണ മന. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.
.jpg)

