ഇന്ത്യയിൽ റിലീസിനൊരുങ്ങി ഓസ്‌കർ നോമിനേറ്റഡ് ചിത്രം'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്'

gaza

ഗസ്സയിൽ ഇസ്രായേൽ സൈന്യം വധിച്ച അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതകഥ പറയുന്ന 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു. മാസങ്ങളോളം സെൻസർ ബോർഡിന്റെ കുരുക്കിൽപ്പെട്ടു കിടന്ന ചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി ലഭിച്ചു. ജൂൺ 19ന് ചിത്രം തിയറ്ററുകളിൽ എത്തും.

ഈ വർഷം മാർച്ച് മാസത്തിൽ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, ചിത്രം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആദ്യം ഇതിന് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, വലിയ പ്രതിഷേധങ്ങൾക്കും നിയമപരമായ നടപടികൾക്കും ശേഷം, ഒരു വെട്ടും കൂടാതെ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിക്കുകയായിരുന്നു.

ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹനിയയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വെനീഷ്യൻ ചലച്ചിത്രമേളയിലടക്കം വലിയ നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ഡോക്യുമെന്ററിയും ഫിക്ഷനും ചേർത്തുവെച്ചുള്ള ഒരു ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്.

2024 ജനുവരിയിൽ ഗസ്സയിൽ നിന്ന് കുടുംബത്തോടൊപ്പം പലായനം ചെയ്യുന്നതിനിടെയാണ് ഹിന്ദ് റജബ് സഞ്ചരിച്ചിരുന്ന കാറിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തത്. കുടുംബാംഗങ്ങളും അവരെ രക്ഷിക്കാൻ വന്ന പാരാമെഡിക്കൽ ജീവനക്കാരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. താൻ ഒറ്റക്കാണെന്നും ഭയമാകുന്നുവെന്നും പറഞ്ഞ് റെഡ് ക്രസന്റിന് ഹിന്ദ് നടത്തിയ ഫോൺ കോളുകളെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രദർശന സമയത്ത് കാണികൾ 23 മിനിറ്റോളം എഴുന്നേറ്റുനിന്ന് കൈയടിച്ചിരുന്നു. ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യവും മുഴക്കിയിരുന്നു. ഹിന്ദിൻറെ ഹൃദയഭേദകമായ ഫോൺ വിളിയും രക്ഷാപ്രവർത്തകർ അവളോട് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോർഡിങ്ങുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Tags