മമിതയെ വേണ്ടെന്ന് വെച്ചതില്‍ ഇപ്പോള്‍ ആ പ്രൊഡ്യൂസര്‍ക്ക് വിഷമം തോന്നുന്നുണ്ടാവും: കമല്‍

mamitha

പുതുമുഖമായതുകൊണ്ട് മാത്രം പ്രൊഡ്യൂസറും നായകനും ചേര്‍ന്ന് മമിതയെ ഒഴിവാക്കുകയായിരുന്നുവെന്നും, പിന്നീട് 'പ്രേമലു' റിലീസായതോടെ ആ തീരുമാനത്തില്‍ അവര്‍ക്ക് നഷ്ടബോധം തോന്നിയിട്ടുണ്ടാകുമെന്നും കമല്‍ പറയുന്നു.

പുതിയ തലമുറയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് മമിത ബൈജുവെന്ന് സംവിധായകന്‍ കമല്‍. 'ഖോ ഖോ' എന്ന ചിത്രത്തിലെ മമിതയുടെ പ്രകടനം കണ്ടാണ് താന്‍ ആകൃഷ്ടനായതെന്നും, തന്റെ പുതിയ സിനിമയിലേക്ക് മമിതയെ നായികയാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാല്‍, പുതുമുഖമായതുകൊണ്ട് മാത്രം പ്രൊഡ്യൂസറും നായകനും ചേര്‍ന്ന് മമിതയെ ഒഴിവാക്കുകയായിരുന്നുവെന്നും, പിന്നീട് 'പ്രേമലു' റിലീസായതോടെ ആ തീരുമാനത്തില്‍ അവര്‍ക്ക് നഷ്ടബോധം തോന്നിയിട്ടുണ്ടാകുമെന്നും കമല്‍ പറയുന്നു.

'പുതിയ ജനറേഷനില്‍ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു ആര്‍ട്ടിസ്റ്റ് ആണ് മമിത. 'എന്റെ നടക്കാതെപോയ ഒരു സിനിമയുണ്ട്. ആ സിനിമ ചെയ്യണമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. 'ഖോ ഖോ' സിനിമ കണ്ടതുമുതലേ അതിലെ മമിതയുടെ കഥാപാത്രം എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. ആ കുട്ടി ആ വേഷം അസലായി ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ സിനിമയിലേക്ക് മമിതയെ നായികയാക്കണമെന്ന് ഞാന്‍ ഉറപ്പിച്ചു. ഹീറോയോടും പ്രൊഡ്യൂസറോടും ഇക്കാര്യം പറഞ്ഞെങ്കിലും, പുതുമുഖ നായിക പോരെന്നും കുറച്ചുകൂടി വലിയൊരു നായിക വേണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 'ഈ കുട്ടി ഭാവിയില്‍ വലിയൊരു നായികയാകും, നിങ്ങള്‍ നോക്കിക്കോളൂ' എന്ന് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി.'

തുടര്‍ന്ന് 'സൂപ്പര്‍ ശരണ്യ' കണ്ടതോടെ മമിതയെത്തന്നെ നായികയാക്കണമെന്ന് താന്‍ വീണ്ടും നിര്‍ബന്ധം പിടിച്ചതായും കമല്‍ ഓര്‍ക്കുന്നു. 'നായകനോട് സംസാരിച്ച് കണ്‍വിന്‍സ് ചെയ്യിക്കാമെന്ന് ഞാന്‍ പ്രൊഡ്യൂസറോട് പറഞ്ഞു. അങ്ങനെ ഞാന്‍ മമിതയെ വിളിച്ച് കഥ പറഞ്ഞു. കുറച്ചു നെഗറ്റീവ് ഷേഡുള്ള ആ കഥ മമിത വളരെ കൗതുകത്തോടെയാണ് കേട്ടത്. കഥ വിവരിക്കുന്ന സമയത്ത് അവരുടെ മുഖത്തുണ്ടായിരുന്ന എക്‌സ്പ്രഷന്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ഡേറ്റ് മുന്‍കൂട്ടി പറയണമെന്ന് അവരുടെ അമ്മയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വീണ്ടും നായകനും പ്രൊഡ്യൂസറും ചേര്‍ന്ന് വലിയ നായിക വേണമെന്ന് പറഞ്ഞ് മമിതയെ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്റെ കരിയറില്‍ ഇതുപോലൊരു അനുഭവം മുമ്പുണ്ടായിട്ടില്ലാത്തതിനാല്‍ എനിക്ക് വലിയ വിഷമം തോന്നി.'

ചിത്രത്തിലെ നായിക കഥാപാത്രത്തിന് നായകനേക്കാള്‍ പ്രാധാന്യവും സ്‌ക്രീന്‍ സ്‌പേസും ഉണ്ടായിരുന്നു. അതാണ് നായകനും നിര്‍മാതാവിനും ആ പ്രൊജക്റ്റില്‍ നിന്നും മമിതയെ ഒഴിവാക്കാന്‍ കാരണമായത്. എന്നാല്‍, മമിതയെ ഒഴിവാക്കി മൂന്നോ നാലോ മാസം കഴിഞ്ഞപ്പോഴാണ് 'പ്രേമലു' റിലീസ് ചെയ്യുന്നതും താരം വലിയൊരു തരംഗമായി മാറുന്നതും. ഇപ്പോള്‍ ആ പ്രൊഡ്യൂസര്‍ക്ക് മമിതയെ വെച്ച് ചെയ്യാമായിരുന്നുവെന്ന് തീര്‍ച്ചയായും തോന്നുണ്ടാവുമെന്നും, താന്‍ ഇപ്പോഴും ആ സിനിമ ചെയ്യാനുള്ള ആഗ്രഹത്തിലാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

Tags