സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ; ടീമിനെ ഇന്ന് പ്രഖ്യാപിക്കും

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ പങ്കെടുക്കുന്ന സി3 കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കേരള സ്‌ട്രൈക്കേഴ്‌സ് ഉടമ നടന്‍ രാജ്കുമാര്‍ സേതുപതി, ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം മറ്റു ടീം അംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.
ഫെബ്രുവരി 4ന് മുംബൈയില്‍ നടന്ന കര്‍ട്ടന്‍ റെയ്‌സറോടെ സിസിഎല്‍ പുതിയ സീസണിന് ആരംഭം കുറിച്ചിരുന്നു. സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18ന് ആണ്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ ടീം അംഗങ്ങളുടെ പേരുവിവരങ്ങള്‍ നേരത്തെ പുറത്തെത്തിയിരുന്നു.
ടീം ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി തുടരുന്ന ടീമില്‍ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദന്‍, അര്‍ജുന്‍ നന്ദകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സിദ്ധാര്‍ഥ് മേനോന്‍, മണിക്കുട്ടന്‍, വിജയ് യേശുദാസ്, ഷഫീഖ് റഹ്മാന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, വിനു മോഹന്‍, നിഖില്‍ കെ മേനോന്‍, പ്രജോദ് കലാഭവന്‍, ആന്റണി വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, സിജു വില്‍സണ്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് ടീമിലുള്ളത്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ബോളിവുഡ് താരങ്ങളുടെ ക്ലബ്ബ് ആയ മുംബൈ ഹീറോസിനെ നേരിടും. സല്‍മാന്‍ ഖാന്‍ ആണ് മുംബൈ ഹീറോസിന്റെ നോണ്‍ പ്ലേയിംസ് ക്യാപ്റ്റന്‍.