ബ്രേക്ക്അപ്പ് കഴിഞ്ഞ സമയത്താണ് പ്രണയവിലാസം ചെയ്തത്, ആ കഥാപാത്രം മാനസികമായി തളര്‍ത്തി; ഹക്കീം
ആ അനുഭവം മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചെന്നും ഹക്കീം പറയുന്നു.
പ്രണയവിലാസം സിനിമയിലെ കഥാപാത്രം അവതരിപ്പിച്ചത് തന്റെ ജീവിതത്തിലെ പ്രയാസകരമായൊരു ഘട്ടത്തിലായിരുന്നുവെന്ന് നടന്‍ ഹക്കീം. പ്രണയബന്ധം തകര്‍ന്നതിന്റെ വേദനയില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിക്കുന്ന സമയത്തായിരുന്നു നഷ്ടപ്പെട്ട കാമുകിയെ ഓര്‍ത്ത് കാത്തിരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിവന്നത്. ആ അനുഭവം മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചെന്നും ഹക്കീം പറയുന്നു.
'നീ ഈ റോള്‍ ചെയ്യുമോ എന്ന് പോലും പ്രണയവിലാസത്തിന്റെ ടീം എന്നോട് ചോദിച്ചിട്ടില്ല. ഇത് ഹക്കീം ചെയ്‌തോളും എന്ന് പറഞ്ഞ് മാര്‍ട്ടിന്‍ ചേട്ടന്‍ പോയി. ഡയറക്ഷന്‍ ടീമും റൈറ്റേഴ്‌സും എല്ലാവരും ബ്രോ, ഇതാണ് പരിപാടി എന്നൊക്കെ പറഞ്ഞുതന്നു. അപ്പോള്‍ ഞാന്‍ ആലോചിച്ചത് ഈ മനുഷ്യന്‍ എന്താണ് എന്നില്‍ ഇത്രയും ട്രസ്റ്റ് ചെയ്യുന്നത് എന്നായിരുന്നു. ഇത് ചെയ്യാന്‍ പറ്റുമോ, പറ്റില്ലേ എന്നൊക്കെ ആലോചിച്ചാണ് അവസാനം സിനിമ ചെയ്തത്,' ഹക്കീം പറഞ്ഞു. അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ ചിലപ്പോള്‍ സ്വന്തം ജീവിതത്തെപ്പോലും ബാധിക്കാറുണ്ടെന്നും അതില്‍ നിന്ന് പുറത്തുവരാന്‍ സമയം വേണ്ടിവരാറുണ്ടെന്നും താരം പറയുന്നു. തുടക്കകാലത്ത് ഓരോ കഥാപാത്രത്തെയും ഉള്ളിലേക്ക് എടുക്കുന്ന രീതിയായിരുന്നു തന്റേതെന്നും ഇപ്പോള്‍ അതില്‍ മാറ്റം വന്നിട്ടുണ്ട്.
ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മളെ വട്ടം കറക്കാറുണ്ട്. അത് എന്റെ മാത്രം പ്രശ്‌നമാണോ എന്നറിയില്ല. പല സീനിയര്‍ ആക്ടേഴ്‌സിനോടും ചോദിച്ചിട്ടുണ്ട്. കഥാപാത്രത്തെ ഉള്ളിലേക്ക് എടുക്കേണ്ട ആവശ്യമില്ല, അങ്ങനെയൊന്നുമില്ല എന്നൊക്കെയാണ് അവര്‍ പറയാറുള്ളത്. ഒരുപാട് സിനിമകള്‍ ചെയ്തുകഴിയുമ്പോള്‍ അതിന്റെ ടെക്‌നിക്കാലിറ്റി അവര്‍ക്ക് മനസിലായിട്ടുണ്ടാകും. സ്വന്തം മനസിനെ ബുദ്ധിമുട്ടിക്കാതെ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടാകും. ഇപ്പോള്‍ ആ രീതി എനിക്കും മനസിലായി. പുതിയ സിനിമകളില്‍ അങ്ങനെയാണ് ചെയ്യുന്നത്.
ചില കഥാപാത്രങ്ങള്‍ നമ്മുടെ ഉള്ളിലുള്ള ട്രോമകളെ ഇളക്കും. നമ്മുടെ ഒരുപാട് പീസ് ഓഫ് മൈന്‍ഡ് കളയും. അത്തരം കഥാപാത്രങ്ങള്‍ ഭയങ്കരമായി ഡിസ്റ്റര്‍ബ് ചെയ്യും. അത് ഒന്നോ രണ്ടോ ദിവസം കൊണ്ട് പോകുന്നതായിരിക്കില്ല. നമ്മുടെ മെന്റല്‍ ഹെല്‍ത്തിനെ അത് ഭയങ്കരമായി ബാധിക്കും. പ്രണയവിലാസം ചെയ്യുന്ന സമയത്ത് എനിക്ക് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. അത് ബ്രേക്ക് അപ്പായി, ഞാന്‍ അതിന്റെ വേദനയില്‍ നിന്ന് പുറത്തുവരാന്‍ കഴിയാതെ നില്‍ക്കുന്ന സമയമായിരുന്നു.
അങ്ങനെയിരിക്കെയാണ് ബാക്ക് ടു നോര്‍മല്‍ ലൈഫിലേക്ക് വരുന്നതിന്റെ ഭാഗമായി പ്രണയവിലാസം ചെയ്യുന്നത്. നഷ്ടപ്പെട്ട കാമുകിയെ ഓര്‍ത്ത് കാത്തിരിക്കുന്ന ഒരാളുടെ കഥാപാത്രമാണല്ലോ അത്. ആ സമയത്ത് എന്റെ മനസില്‍ മുഴുവന്‍ പഴയ കാര്യങ്ങളും ആ അനുഭവങ്ങളുമായിരുന്നു. ഒരു കണക്കിന് അതില്‍ നിന്ന് പുറത്തുവന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന സമയത്ത് വീണ്ടും അത്തരമൊരു കഥാപാത്രം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു,' ഹക്കീം പറഞ്ഞു.
.jpg)

