വിവാദങ്ങൾ ചൂടേറിയെങ്കിലും ബോക്സ് ഓഫീസിൽ പതറി ‘ദി കേരള സ്റ്റോറി 2’
റിലീസിന് മുമ്പ് തന്നെ രാജ്യത്ത് വിവാദങ്ങൾക്കും വഴിയൊരുക്കിയ ചിത്രമാണ് 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്'. വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്തിട്ടും വിപുൽ അമൃത്‌ലാൽ ഷാ നിർമിച്ച് കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ പതറുകയാണ്. ശക്തമായ മറ്റ് മത്സരചിത്രങ്ങൾ ഇല്ലാതിരുന്നിട്ടും രണ്ടാം ഭാഗത്തിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 2023ൽ ബ്ലോക്ക്ബസ്റ്ററായ ആദ്യ ഭാഗത്തിന്റെ പകുതി വരുമാനം പോലും നേടാൻ ചിത്രത്തിന് കഴിയുന്നില്ല എന്നതാണ് വാസ്തവം.
tRootC1469263">സാക്നിൽകിന്റെ കണക്കുകൾ പ്രകാരം, ഞായറാഴ്ച ഇന്ത്യയിൽ നിന്ന് വെറും 5 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. ശനിയാഴ്ചത്തെ കലക്ഷനേക്കാൾ (4.65 കോടി) വെറും 7.53 ശതമാനത്തിന്റെ മാത്രം വർധനവാണിത്. നിലവിൽ തിയറ്ററുകളിലുള്ള 'അസി' (1.6 കോടി), 'ദോ ദീവാനേ ഷെഹർ മേം' (1.45 കോടി), 'തു യാ മേം' (80 ലക്ഷം) എന്നീ ചിത്രങ്ങളേക്കാൾ ഭേദപ്പെട്ട പ്രകടനമാണിതെങ്കിലും ആദ്യ ഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.
ആദ്യ ഭാഗം (2023) ആദ്യ ഞായറാഴ്ച മാത്രം ഇന്ത്യയിൽ നിന്ന് 16.4 കോടി രൂപ നേടിയിരുന്നു. 15 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ലോകമെമ്പാടുമായി 302 കോടി രൂപയാണ് വാരിക്കൂട്ടിയത്. രണ്ടാം ഭാഗം (2026) ഏകദേശം 28 കോടി രൂപ ചിലവിൽ നിർമിച്ച ഈ ചിത്രം ഇതുവരെ ലോകമെമ്പാടുമായി വെറും 12.3 കോടി രൂപ മാത്രമാണ് നേടിയത്. ഇന്ത്യയിലെ ആകെ വരുമാനം 10.4 കോടി രൂപയാണ്. ഞായറാഴ്ച ഹിന്ദി മാർക്കറ്റിൽ വെറും 13.16 ശതമാനം മാത്രമായിരുന്നു തിയറ്ററുകളിലെ സാന്നിധ്യം. രാവിലെ ഇത് 7.86 ശതമാനം മാത്രമായിരുന്നു.
ആദ്യ ഭാഗം പോലെ തന്നെ റിലീസിന് മുമ്പേ വലിയ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമാണിത്. മതവിദ്വേഷവും കേരളത്തിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. തുടക്കത്തിൽ കേരള ഹൈകോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരുന്നെങ്കിലും, സെൻസർ ബോർഡിനോട് സർട്ടിഫിക്കേഷൻ പുനഃപരിശോധിക്കാൻ നിർദേശിച്ചതിന് ശേഷം ഡിവിഷൻ ബെഞ്ച് സ്റ്റേ നീക്കി റിലീസിന് അനുമതി നൽകുകയായിരുന്നു. കേരളത്തിൽ സിനിമക്ക് ലഭിക്കുന്നത് തണുപ്പൻ പ്രതികരണമാണ്. നിലവിൽ പല തിയറ്ററുകളിലും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ഉള്ളത്. പലയിടത്തും ഷോകൽ കാൻസൽ ചെയ്തിരുന്നു.
.jpg)


