തണ്ടേല്‍' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

thandel
thandel

നാഗ ചൈതന്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് പബ്ലിസിറ്റി നേടിയ ചിത്രമായിരുന്നു തണ്ടേല്‍. ചന്ദു മൊണ്ടെറ്റി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഫെബ്രുവരി 7 നാണ് തിയറ്ററുകളില്‍ എത്തിയത്. റൊമാന്‍റിക് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സായ് പല്ലവി ആയിരുന്നു നായിക. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വന്‍ തുകയാണ് ഒടിടി റൈറ്റ്സ് ഇനത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത് എന്നും. 50 കോടി രൂപയാണ് ഒടിടി റൈറ്റ്സ് ഇനത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. മാര്‍ച്ച് 14 ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ എത്തുക എന്നായിരുന്നു നേരത്തെ എത്തിയ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. പ്രചരിച്ചതിനേക്കാള്‍ ഒരാഴ്ച നേരത്തെ, അതായത് മാര്‍ച്ച് 7 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം എത്തും.

75 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അതേസമയം പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 88.08 കോടിയാണ്. തീരദേശവും മത്സ്യത്തൊഴിലാളികളുടെ ജീവിതവുമൊക്കെ പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. മത്സ്യത്തൊഴിലാളിയായ രാജു എന്ന കഥാപാത്രമായാണ് നാഗചൈതന്യ സ്ക്രീനില്‍ എത്തുന്നത്.

Tags