റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി ‘തായ് കിഴവി’
10 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ‘തായ് കിഴവി’ എന്ന തമിഴ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 81.77 കോടി രൂപയുടെ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്ന് മാത്രം 71.42 കോടി രൂപ നേടിയ ചിത്രം വിദേശ വിപണിയിലും മികച്ച നേട്ടമുണ്ടാക്കി. തിയേറ്ററുകൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും മികച്ച പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്.
അറുപത്തിമൂന്നുകാരിയായ രാധിക ശരത്കുമാറിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. വൻ മേക്കോവറിൽ എത്തിയ രാധിക പണമിടപാടുകാരിയായ ‘പാവുണുതായി’ എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സ്വന്തം അമ്മയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്ന അത്യാഗ്രഹികളായ ആൺമക്കളും അവർക്കെതിരെ പൊരുതുന്ന അമ്മയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തമിഴ് ഗ്രാമീണ പശ്ചാത്തലത്തിൽ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ പച്ചയായ കഥ പറഞ്ഞ ചിത്രം രാധികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിട്ടാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
ശിവകാർത്തികേയൻ പ്രൊഡക്ഷൻസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ് ഈ അത്ഭുത ചിത്രം നിർമ്മിച്ചത്. ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ തുടങ്ങി നിരവധി മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. തന്റെ ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റർ ആക്കിയ സംവിധായകൻ ശിവകുമാർ മുരുകേശൻ, ഇനി കമൽഹാസൻ നിർമ്മിച്ച് ശിവകാർത്തികേയൻ നായകനാകുന്ന ‘സേയോൺ’ എന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.
.jpg)

