‘തായ് കിഴവി’ ഒടിടിയിലേക്ക്
തമിഴ് സിനിമാലോകത്ത് ഈ വർഷത്തെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ് ‘തായ് കിഴവി’ എന്ന ചിത്രം. സൂപ്പർതാരം ശിവകാർത്തികേയൻ നിർമ്മിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ, ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. ഏകദേശം 10 കോടി രൂപയിൽ താഴെ മാത്രം നിർമ്മാണച്ചെലവുള്ള ചിത്രം ഇതിനോടകം 60 കോടി രൂപ നെറ്റ് കളക്ഷൻ നേടി ചരിത്രം കുറിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.
തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ചിത്രം ഏപ്രിൽ 10 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും. തിയേറ്ററിലെന്നപോലെ ഒടിടിയിലും ചിത്രം വലിയ വിജയം നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ചിത്രത്തിൽ 80 വയസ്സുകാരിയായ ‘പാവുണുതായി’ എന്ന പണമിടപാടുകാരിയുടെ വേഷത്തിലാണ് രാധിക ശരത്കുമാർ എത്തുന്നത്. അത്യാഗ്രഹികളായ ആൺമക്കൾ തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനെ പാവുണുതായി എങ്ങനെ നേരിടുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. രാധികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു. സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
‘തായ് കിഴവി’യുടെ വൻ വിജയത്തിന് പിന്നാലെ സംവിധായകൻ ശിവകുമാർ മുരുഗേശൻ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. ‘സേയോൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകൻ. ഉലകനായകൻ കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പാഷൻ സ്റ്റുഡിയോസും ശിവകാർത്തികേയൻ പ്രൊഡക്ഷൻസും സംയുക്തമായാണ് ‘തായ് കിഴവി’ നിർമ്മിച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ 3 കോടിക്കടുത്ത് കളക്ഷൻ നേടിയ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ലാഭകരമായ സിനിമകളിൽ ഒന്നായി മാറിക്കഴിഞ്ഞു.
.jpg)


